ഡൽഹി: അഫ്ഗാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്താനുള്ള തീരുമാനമാണ് ഇന്ത്യൻ ടീം കൈക്കൊണ്ടത്. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. അഭിഷേക് ശർമ വെടിക്കെട്ട് ബാറ്റിങ്ങോടെ തിളങ്ങിയപ്പോൾ സഞ്ജു നിരാശപ്പെടുത്തി. ഇപ്പോഴിതാ വൈഭവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന് താരം കൃഷ്ണാമാചാരി ശ്രീകാന്ത്. വൈഭവിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഒഴിവാക്കിയ നടപടി ശരിയല്ലെന്നും അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ വൈഭവ് കളിക്കാത്തതുകൊണ്ട് ഞങ്ങൾ ഒരു സിനിമ കാണാൻ തുടങ്ങി. സൂര്യവംശി കളിക്കുന്നില്ലെന്നും പറഞ്ഞ് എന്റെ ഭാര്യ ആക്രോശിച്ചു. കഴിഞ്ഞ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ആയ താരം കളിക്കാത്തതിനെ കുറിച്ച് വാദിക്കാനും ആരംഭിച്ചു. എന്റെ ഭാര്യ പോലും അവനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുന്നു. - ശ്രീകാന്ത് പറഞ്ഞു.
"നിങ്ങൾ സൂര്യവംശിയോട് ശരിയായി പെരുമാറുന്നില്ല. ഇനി അടുത്ത മത്സരത്തിൽ റൺസ് നേടിയില്ലെങ്കിൽ തന്നെ ഒഴിവാക്കുമോ എന്ന് അവൻ ചിന്തിക്കും. നിങ്ങൾ തെറ്റായ സന്ദേശമാണ് നൽകുന്നത്. എല്ലാ കളിക്കാരുടെയും മനസ്സിൽ സംശയങ്ങൾ സൃഷ്ടിക്കുന്നു. ദുലീപ് ട്രോഫി, ടി20 മത്സരങ്ങൾ, ഇന്ത്യ-എ, ഐപിഎൽ എന്നിവയുൾപ്പെടെ എല്ലാ തലത്തിലും വൈഭവ് തിളങ്ങിയിട്ടുണ്ട്. നിങ്ങൾ അവനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്." - അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ടീം മാനേജ്‌മെന്റ് സഞ്ജു സാംസണെ വെച്ച് കളിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു. എനിക്ക് സഞ്ജുവിനോട് സഹതാപം തോന്നുന്നു. ഒന്നുകിൽ അദ്ദേഹത്തിന് തുടർച്ചയായി അവസരങ്ങൾ നൽകി പിന്നീട് ഒഴിവാക്കുക, അല്ലെങ്കിൽ വൈഭവിനെ ഒഴിവാക്കാതെ തുടർച്ചയായി കളിക്കാൻ അനുവദിക്കുക. ഇന്ത്യ വരുത്തുന്ന തെറ്റ് എന്തെന്നാൽ, രണ്ടുപേർക്കും ഇടയ്ക്കിടെ ഓരോ രണ്ട് മത്സരങ്ങൾ വീതം ലഭിക്കുന്നു എന്നതാണ്. അത് നല്ലതല്ല."- ശ്രീകാന്ത് വിശദീകരിച്ചു.
സിംബാബ്വെയ്ക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയിൽ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 151 റൺസോടെ ടോപ്പ് സ്‌കോററാവുകയും 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടുകയും ചെയ്ത താരമാണ് വൈഭവ്. വൈഭവിനെ പുറത്തിരുത്തിയത് ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറി. സിംബാബ് വെക്കെതിരായ പരമ്പരയിൽ അഭിഷേക് ശർമയും സൂര്യവംശിയുമാണ് ഓപ്പൺ ചെയ്തത്. സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നില്ല. പരമ്പരയിൽ മിന്നും പ്രകടനവുമായി 15-കാരൻ സൂര്യവംശി താരമായിരുന്നു.
Content Highlights: Krishnamachari Srikkanth criticized the decision to drop 15-year-old Vaibhav Sooryavanshi for the first T20I against Afghanistan., Sooryavanshi was the 'Player of the Series' in the previous T20 assignment against Zimbabwe
Published: 15 Sept 2026, 01:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented