രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ പുറത്തായി ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍. ആറു പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രമാണ് സഞ്ജുവിന് രാജ്‌കോട്ടില്‍ നേടാനായത്. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ആദില്‍ റഷീദിന്റെ ക്യാച്ചിലാണ് സഞ്ജു പുറത്തായത്.

To advertise here,

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആര്‍ച്ചറുടെ പേസിനും ബൗണ്‍സിനും മുന്നില്‍ പതറിയ സഞ്ജു മൂന്നാം മത്സരത്തിനു മുന്നോടിയായി പ്രത്യേക ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ആര്‍ച്ചറിന്റെ പന്തുകള്‍ നേരിടാന്‍ രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചായിരുന്നു സഞ്ജുവിന്റെ പ്രത്യേക പരിശീലനം. പുള്‍ ഷോട്ടും ഹുക്കുമെല്ലാം സഞ്ജു പരിശീലിച്ചത് പ്ലാസ്റ്റിക് പന്തിലായിരുന്നു. ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടകും ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളുമെല്ലാം സഞ്ജുവിനൊപ്പമുണ്ടായിരുന്നു. ഷോര്‍ട്ട് ബോളുകളിലും ബൗണ്‍സറുകളിലും കട്ട് ഷോട്ടുകളും റാംപ് ഷോട്ടുകളും താരം പരിശീലിച്ചെങ്കിലും കളിയില്‍ അതൊന്നും തുണച്ചില്ല.

ആദ്യ മത്സരത്തില്‍ 20 പന്തുകള്‍ നേരിട്ട സഞ്ജു 26 റണ്‍സെടുത്തിരുന്നു. രണ്ടാം മത്സരത്തില്‍ ഏഴു പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്.