ന്യൂ ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടിദാർ. അസമിനെതിരായ മത്സരത്തിൽ 48 പന്തിൽ പുറത്താകാതെ 135 റൺസാണ് രജത് അടിച്ചുകൂട്ടിയത്. എട്ട് ഫോറുകളുടേയും 13 സിക്‌സറുകളുടേയും അകമ്പടിയോടെയായിരുന്നു ഈ ഇന്നിങ്‌സ്. വെറും 41 പന്തിലാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. തുടർച്ചയായ നാല് പന്തുകൾ സിക്‌സിലേക്ക് പായിച്ച് രജത് കാണികൾക്ക് ബാറ്റിങ് വിരുന്നുമൊരുക്കി.

To advertise here,

മികച്ച ഫോമിലുള്ള രജത് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനായി രണ്ട് സെഞ്ചുറികൾ കണ്ടെത്തിയിരുന്നു. കേരളത്തിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനായി 29 പന്തിൽ 36 റൺസോടെ പുറത്താകാതെ നിന്നു. ട്വന്റി 20യിൽ രജതിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി സെഞ്ചുറി കണ്ടെത്തിയിരുന്നു.

രജതിന്റെ ബാറ്റിങ് മികവിൽ മധ്യപ്രദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അസം 17.4 ഓവറിൽ 119 റൺസിന് ഓൾഔട്ടായി. ഇതോടെ മധ്യപ്രദേശ് 131 റൺസ് വിജയവും സ്വന്തമാക്കി.