തൃശ്ശൂർ: വയനാട് മാനന്തവാടി ഗവ. വി.എച്ച്.എസ്. സ്കൂളിൽ പ്ളസ് വണ്ണിന് ചേരുന്നതുവരെ സജനയ്ക്ക് ക്രിക്കറ്റ് കളി മാത്രമായിരുന്നു. അവിടന്നങ്ങോട്ട് കളി കാര്യമായി. വീട്ടിലെ പ്രാരബ്ധങ്ങളിൽ തനിക്ക് എന്തുചെയ്യാനാകുമെന്ന ആ പെൺകുട്ടിയുടെ അന്വേഷണം ചെന്നെത്തിയത് ക്രിക്കറ്റിലേക്കാണ്. താരങ്ങൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകിയിരുന്ന 150 രൂപ ദിവസ അലവൻസിലായിരുന്നു നോട്ടം. ആ 150 രൂപ ഇന്ന് പതിനായിരം ഇരട്ടി സന്തോഷമായി മാറിയിരിക്കുന്നു.

To advertise here,

മാനന്തവാടി ചൂട്ടക്കടവിൽ ‘സജന നിവാസി’ൽ സജ്ന സജീവനെ ശനിയാഴ്ച വനിതാ ഐ.പി.എൽ. താരലേലത്തിൽ 15 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഓട്ടോഡ്രൈവറായ അച്ഛൻ ജി. സജീവനും മാനന്തവാടി നഗരസഭാംഗമായ അമ്മ ശാരദാ സജീവനും മകളുടെ സ്വപ്നങ്ങൾക്ക് കൂടെ ഉണ്ടായിരുന്നെങ്കിലും ക്രിക്കറ്റ് പരിശീലനത്തിന്റെ ഭാരിച്ച ചെലവ് താങ്ങാവുന്നതിലേറെയായിരുന്നു. പക്ഷേ, അവർ മകളോടൊപ്പം നിന്നു. ഏക സഹോദരൻ എസ്. സച്ചിനും ചേച്ചിക്ക് പിന്തുണയായി.

തൃശ്ശൂർ കേരളവർമ കോളേജിൽനിന്ന് ബി.എ. പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കി. കേരളവർമ കോളേജിൽ വനിതാ ക്രിക്കറ്റ് ടീം ആരംഭിച്ചത് സജനയും സംഘവുമാണ്. വയനാട് ജില്ലാ ടീമിലൂടെ തുടങ്ങി കേരള അണ്ടർ-19, അണ്ടർ-23, സീനിയർ ടീമുകളുടെ നായികയായി. 2012-ൽ കേരള സീനിയർ ടീമിലെത്തി. ഇന്ത്യ-എ ടീമിലും കളിച്ചു.

കൃഷ്ണഗിരിയിൽവെച്ച് രാഹുൽ ദ്രാവിഡിനെക്കണ്ട് സംസാരിച്ചത് വഴിത്തിരിവായി. ‘‘ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാൻ ആ കൂടിക്കാഴ്ച കാരണമായി’’ -സജന ‘മാതൃഭൂമി’യോട് പറഞ്ഞു. ആദ്യമായി കേരള അണ്ടർ-23 ടീം ഓൾ ഇന്ത്യാ കിരീടം ഉയർത്തിയപ്പോൾ ഗൗതം ഗംഭീർ കൈയൊപ്പിട്ടുനൽകിയ ബാറ്റുകൊണ്ട് അതിവേഗ സെഞ്ചുറികുറിച്ചതുംസജന ഒാർത്തു.

കുട്ടിക്കാലത്ത് സച്ചിനായിരുന്നു സജനയുടെ ഇഷ്ടതാരം. ഒരുകാലത്ത് സച്ചിൻ കളിച്ച ടീമിലേക്കാണ് ഈ ഓൾറൗണ്ടർ ഇപ്പോൾ നടന്നുകയറുന്നത്. ഇന്ത്യൻ സീനിയർ ടീമിന്റെ കുപ്പായമണിയുക എന്ന മോഹമാണ് മനസ്സുനിറയെ.