കരിയറിലെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കേരളത്തെ രഞ്ജി ഫൈനലില്‍ നയിക്കാനുള്ള അപൂര്‍വ നിയോഗമാണ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക്. 2009-ല്‍ കണ്ണൂരില്‍ ആന്ധ്രയ്‌ക്കെതിരായ രഞ്ജി മത്സരത്തില്‍ അരങ്ങേറിയ സച്ചിന്‍, രഞ്ജിയില്‍ 98 മത്സരം കളിച്ചു. ദുലീപ് ട്രോഫിയിലും ഒരു മത്സരമുണ്ട്. 14 സെഞ്ചുറിയും 28 അധസെഞ്ചുറിയും ഉള്‍പ്പെടെ 5649 റണ്‍സും നേടി. മധ്യപ്രദേശുകാരനായ കേരള ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയ്ക്ക് 150-ാം മത്സരമാണിത്. 149 മത്സരങ്ങളില്‍ രണ്ടു ടീമുകള്‍ക്കുമായി 7023 റണ്‍സുണ്ട്. ഇതില്‍ 14 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയുമുണ്ട്.

To advertise here,

''രഞ്ജി ഫൈനലില്‍ എത്തുകയെന്നത് നമുക്ക് വര്‍ഷങ്ങളായുള്ള സ്വപ്നമാണ്. മുന്‍ഗാമികള്‍ തെളിച്ച വഴിയിലൂടെയാണ് ഈ യാത്ര. വിദര്‍ഭ കുറച്ചുകാലമായി രാജ്യത്തെ ഏറ്റവും മികച്ച ടീമാണ്. എന്നാല്‍, മികച്ച മത്സരം കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ബാറ്റര്‍മാരെയും ബൗളര്‍മാരെയും പിന്തുണയ്ക്കുന്ന മികച്ച പിച്ചാണ് നാഗ്പുരിലേത്. എല്ലാ വെല്ലുവിളികളും നേരിടാന്‍ കേരളം സജ്ജമാണ്. നൂറാം മത്സരമാണ് എന്നത് വ്യക്തിപരമായി എനിക്ക് സന്തോഷം നല്‍കുന്നു'' - സച്ചിന്‍ബേബി പറഞ്ഞു.