മെൽബൺ: പന്ത് കൃത്രിമം കാണിച്ച കുപ്രസിദ്ധമായ 'സാൻഡ്പേപ്പർ ഗേറ്റ്' വിവാദത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തുന്ന പുതിയ സ്വതന്ത്ര അന്വേഷണത്തിൽ 2017-18-ലെ ആഷസ് പരമ്പരയും ഉൾപ്പെടുത്തും. ഇംഗ്ലണ്ടിനെതിരായ പരമ്പര ഉൾപ്പെടെ 2017-18 സീസണിലെ ഓസ്ട്രേലിയൻ പുരുഷ ടീമിന്റെ പന്ത് കൈകാര്യം ചെയ്ത രീതികളും സ്വതന്ത്ര ഫോറത്തിന്റെ അന്വേഷണ പരിധിയിൽ വരുമെന്ന് ടേംസ് ഓഫ് റഫറൻസ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയ 4-0-ന് വിജയിച്ച ആഷസ് പരമ്പരയും ഇതിൽ ഉൾപ്പെടും.

To advertise here,

2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാല് ടെസ്റ്റ് മത്സരങ്ങളും വിവാദം ഉയർന്നപ്പോൾ നടന്ന അന്വേഷണവും പരിശോധനയ്ക്ക് വിധേയമാക്കും. റിപ്പോർട്ടും ശുപാർശകളും ലഭിച്ച് 30 ദിവസത്തിനുള്ളിൽ പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഉറപ്പുനൽകിയിട്ടുണ്ട്.

മുൻ ബാറ്റർ ഉസ്മാൻ ഖവാജയുടെ ആത്മകഥ പുറത്തുവന്നതോടെയാണ് പഴയ വിവാദം വീണ്ടും ചർച്ചയായത്. 2018-ൽ കേപ് ടൗണിൽ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ പന്തിൽ കൃത്രിമത്വം കാട്ടിയ വിവരം ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്നാണ് ഖവാജ പുസ്തകത്തിൽ അവകാശപ്പെടുന്നത്.

എന്നാൽ, അന്നത്തെ ടീമിലുണ്ടായിരുന്ന നാല് പ്രധാന ബൗളർമാരായ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, നിലവിലെ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവർ സാൻഡ്പേപ്പർ ഉപയോഗിച്ചുള്ള നീക്കത്തെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഖവാജയുടെ ഓർമക്കുറിപ്പുകളെ അസംബന്ധം എന്നാണ് കമ്മിൻസ് വിശേഷിപ്പിച്ചത്. അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട മൂന്ന് താരങ്ങളിൽ രണ്ടുപേരായ ഡേവിഡ് വാർണറും കാമറൂൺ ബാൻക്രോഫ്റ്റും ഖവാജയുടെ വാദത്തെ പിന്തുണച്ചിട്ടുണ്ട്. സ്റ്റീവ് സ്മിത്താണ് മൂന്നാമത്തെയാൾ.

2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പങ്കെടുത്ത കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, അന്നത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ മാനേജ്മെന്റ്, ഡയറക്ടർമാർ എന്നിവരെയെല്ലാം സ്വതന്ത്ര ഫോറത്തിന് മുന്നിൽ മൊഴി നൽകാൻ ക്ഷണിക്കും. എങ്കിലും പങ്കെടുക്കൽ നിർബന്ധമല്ലെന്നും മുൻകാല പ്രാബല്യത്തോടെ ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

  • നേരിട്ടോ ഓൺലൈനായോ ഫോറത്തിൽ ഹാജരാകാം; രേഖാമൂലമുള്ള വിവരങ്ങളോ പ്രസക്തമായ രേഖകളോ നൽകാനും സൗകര്യമുണ്ടാകും.
  • പങ്കെടുക്കുന്നവർ വ്യക്തമാക്കാത്തിടത്തോളം നൽകുന്ന വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.
  • ആറ് ആഴ്ചയാണ് ഫോറം പ്രവർത്തിക്കുക.

എട്ട് വർഷം മുൻപ് നടന്ന പര്യടനത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ബന്ധപ്പെട്ടവരിൽ വലിയ മാനസികാഘാതം ഉണ്ടാക്കിയിട്ടുണ്ടെന്ന് തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അവരുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഡേവിഡ് ബൂൺ പറഞ്ഞു. സുരക്ഷിതമായ അന്തരീക്ഷത്തിൽ കാര്യങ്ങൾ തുറന്നുപറയാനും കേൾക്കാനും പഠിക്കാനുമുള്ള അവസരമാണിതെന്നും ആരെയും ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുക എന്നതല്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുന്നതെന്നും ബൂൺ വ്യക്തമാക്കി.