ഐപിഎൽ പുതിയ സീസണിൽ പഞ്ചാബ് കിങ്‌സിലാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കുക. മുംബൈ ഇന്ത്യൻസിൽ നിന്നാണ് ഹാർദിക് പഞ്ചാബിലേക്കെത്തുന്നത്. എന്നാൽ അതിന് മുമ്പ് ഹാർദിക് ചെന്നൈയിലേക്കും രാജസ്ഥാനിലേക്കും കൊൽക്കത്തയിലേക്കുമെല്ലാം പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

To advertise here,

ഇപ്പോഴിതാ രാജസ്ഥാനുമായി മുംബൈ കരാറുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. കരാറിന് തൊട്ടടുത്ത് എത്തിയിരുന്നെങ്കിലും മുംബൈയുടെ ഒരു നിബന്ധന രാജസ്ഥാൻ അംഗീകരിച്ചില്ലെന്നും തുടർന്ന് പിന്മാറുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഹാർദിക്കിന് പകരമായി യശസ്വി ജയ്‌സ്വാളിനേയും ജോഫ്ര ആർച്ചറേയുമാണ് മുംബൈ രാജസ്ഥാനോട് ചോദിച്ചത്. എന്നാൽ ഇതിന് രാജസ്ഥാൻ ഒരുക്കമായിരുന്നില്ല. ഇതോടെ കരാർ വിജയത്തിലെത്താതെ പോയി.

ഹാർദിക്കിനെ നഷ്ടപ്പെട്ടെങ്കിലും രാജസ്ഥാൻ സ്വന്തം നിലയിൽ ഒരു ഉയർന്ന പ്രൊഫൈൽ ട്രേഡ് നടത്തി. ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനുമായി വഴിപിരിഞ്ഞ രാജസ്ഥാൻ പകരം ലഖ്‌നൗ സൂപ്പർ ജെയ്ന്റ്‌സിൽ നിന്ന് പേസർ മുഹമ്മദ് ഷമിയേയും സ്പിന്നർ മണിമാരൻ സിദ്ധാർത്ഥിനേയും ടീമിലെത്തിച്ചു.

ലഖ്‌നൗ 10 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഷമി, എട്ട് കോടി രൂപയുടെ പുതുക്കിയ ഫീസിൽ രാജസ്ഥാനിൽ ചേരും. കൂടാതെ, ഇടംകൈയ്യൻ സ്പിന്നർ എം സിദ്ധാർത്ഥും ലഖ്‌നൗവിൽ നിന്ന് 75 ലക്ഷം രൂപയുടെ നിലവിലെ ഫീസിൽ രാജസ്ഥാനിലേക്ക് മാറും. അതേസമയം കറൻ അദ്ദേഹത്തിന്റെ നിലവിലെ ഫീസായ 2.4 കോടി രൂപയ്ക്കാണ് ലഖ്‌നൗവിലേക്ക് മാറിയത്.

ഇതോടെ ഷമിയും ജോഫ്ര ആർച്ചറും ചേർന്ന പേസ് ആക്രമണം രാജസ്ഥാന് ശക്തി പകരും. 2024 സീസണിൽ രാജസ്ഥാനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണ് ആർച്ചർ. പരിചയസമ്പന്നനായ ഷമിക്ക് 132 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 145 വിക്കറ്റുകളുണ്ട്.