മുംബൈ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഭാവിയിൽ സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും രണ്ടുതട്ടിൽ നിൽക്കേ വ്യാഴാഴ്ച മുംബൈയിൽ നിർണായകയോഗം. അടുത്ത ലോകകപ്പ് കൂടി കളിക്കാൻ രോഹിത് സന്നദ്ധനാണെങ്കിലും സെലക്ടർമാരുടെ ലോകകപ്പ് പദ്ധതിയിൽ രോഹിത്തില്ല. യോഗത്തിൽ വിഷയത്തിൽ വിശദമായ ചർച്ച നടക്കും.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസ് മേധാവി വിവിഎസ് ലക്ഷ്മൺ, ഇന്ത്യയുടെ ഏകദിന നായകൻ ശുഭ്മാൻ ഗിൽ, ടി20 നായകൻ ശ്രേയസ്സ് അയ്യർ എന്നിവരും യോഗത്തിൽ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചുള്ള ഒട്ടേറെ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
രോഹിത് ശർമയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ടർമാർ കൈക്കൊണ്ട നിലപാട് അടുത്തിടെ വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ടെസ്റ്റിൽനിന്നും ടി20 യിൽനിന്നും വിരമിച്ച രോഹിത്തിന്റെ ഏകദിനഭാവിയെ സംബന്ധിച്ച് സെലക്ടർമാർ ഉറച്ച തീരുമാനമെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനം രോഹിത്തിന്റെ അവസാന ഏകദിനമത്സരമായിരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ രോഹിത് ടീമിന്റെ ഭാവി പദ്ധതികളിലുണ്ടെന്ന് പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയുടെ സമ്മർദത്തിന് വഴങ്ങിയാണ് ബിസിസിഐ സെക്രട്ടറി തന്റെ നിലപാട് മാറ്റിയതെന്നാണ് സെലക്ഷൻ കമ്മിറ്റി കരുതുന്നത്. അതോടെ മാനേജ്മെന്റും സെലക്ഷൻ കമ്മിറ്റിയും രണ്ടുതട്ടിലായി.
പിന്നാലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് തകർപ്പൻ സെഞ്ചുറിയോടെ തിളങ്ങുകയും ചെയ്തു. 110 പന്തിൽ നിന്ന് 138 റൺസാണ് രോഹിത്ത് അടിച്ചെടുത്തത്. രോഹിത് തിളങ്ങിയത് അക്ഷരാർഥത്തിൽ സെലക്ടർമാരെയാണ് പ്രതിരോധത്തിലാക്കിയത്. രോഹിത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇത് കൂടുതൽ ചോദ്യമുയർത്തി. ഇതിന് പിന്നാലെ അഗാർക്കറെ മുഖ്യസെലക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ ബിസിസിഐ ആലോചിച്ചതായും വിവരമുണ്ട്.
Content Highlights: Crucial BCCI and selection committee meeting in Mumbai regarding Rohit Sharma's future., Disagreement between selectors and BCCI management over Rohit's place in the ODI team
Published: 02 Sept 2026, 06:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented