മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശർമ. നായകസ്ഥാനത്തുനിന്ന് മാറിയെങ്കിലും ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ താരം ഇടംപിടിച്ചിട്ടുണ്ട്. രോഹിത് ശർമ ടെസ്‌ല മോഡൽ Y കാർ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറുത്ത ടീഷർട്ടും തൊപ്പിയും ധരിച്ച് കാറോടിക്കുന്ന രോഹിത്തിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്ക്. ‘എക്സി’ലാണ് രോഹിത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്.
ടെസ്ലക്കോണമിക്സ് എന്ന പേജ് എക്സിൽ പങ്കുവെച്ച പോസ്റ്റാണ് മസ്ക് റീപോസ്റ്റ് ചെയ്തത്. “ഇതുകൊണ്ടാണ് ടെസ്‌ലക്ക് പരസ്യം ആവശ്യമില്ലാത്തത്. ഇൻസ്റ്റാഗ്രാമിൽ 45 ദശലക്ഷം ഫോളോവേഴ്‌സുള്ള രോഹിത് ശർമ, ഒരു പുതിയ ടെസ്‌ല മോഡൽ Y വാങ്ങി.”- രോഹിത് ടെസ്‌ല മോഡൽ Y കാർ ഓടിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ടെസ്ലക്കോണമിക്സ് എന്ന പേജിലെ എക്സ് പോസ്റ്റ് ഇങ്ങനെയായിരുന്നു. ഈ പോസ്റ്റ് മസ്ക് പങ്കുവെച്ചതോടെ ഒട്ടേറെപ്പേർ പ്രതികരണങ്ങളുമായെത്തി.
അതേസമയം, പുതിയ കാറിന് ‘3015’ എന്ന നമ്പറാണ് രോഹിത് തിരഞ്ഞെടുത്തത്. ഇത് അദ്ദേഹത്തിന്റെ കുട്ടികളുടെ ജനനതീയതികളെ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. രോഹിത്തിൻ്റെ മക്കളായ, ഡിസംബർ 30-ന് ജനിച്ച സമൈറയുടെയും നവംബർ 15-ന് ജനിച്ച അഹാന്റെയും ജന്മദിനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ടീമിലേക്കുള്ള മടങ്ങിവരവ് ലക്ഷ്യമിട്ട് കടുത്ത പരിശീലനമാണ് രോഹിത് നടത്തിയതെന്നാണ് അടുത്തിടെ റെവ്സ്പോർട്സ് റിപ്പോർട്ട് ചെയ്തത്. ഫാസ്റ്റ് ബൗളർമാർക്കെതിരെ രണ്ട് മണിക്കൂറോളം ബാറ്റിങ് ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. രോഹിത് ഇത് പ്രത്യേകം ആവശ്യപ്പെടുകയായിരുന്നു. ചില ദിവസങ്ങളിൽ രണ്ട് പരിശീലന സെഷനുകൾ ഉണ്ടാകുമായിരുന്നുവെന്നും നിശ്ചിതസമയം കഴിഞ്ഞെന്ന് സ്റ്റാഫ് അറിയിച്ചാലും അത് നീട്ടിനൽകാൻ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 19-നാണ് ഓസീസ് പരമ്പരയ്ക്ക് തുടക്കമാവുന്നത്.
Content Highlights: rohit drives tesla y model elon musk reshared
Published: 10 Oct 2025, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented