ന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ നിർണായക ശക്തിയാകുന്നതിനായാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ എത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2025-ലാണ് ടെസ്‌ലയുടെ വാഹനശ്രേണിയിലെ എസ്‌യുവി വാഹനമായ മോഡൽ വൈ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്നാൽ, പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെ വിപണനതന്ത്രം മാറ്റിപിടിച്ചിരിക്കുകയാണ് ടെസ്‌ല.

To advertise here,

മോഡൽ വൈ എസ്‌യുവിയുടെ ഉയർന്ന വിലയായിരുന്നു വിപണിയിൽ തിളങ്ങാൻ കഴിയാതെ പോയതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ വില കുറച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ തന്ത്രം മാറ്റി സാന്നിധ്യം ഉറപ്പിക്കാനാണ് ഇലോൺ മസ്‌കിന്റെ ടെസ്ലയുടെ നീക്കം. ഇതിനായി മോഡൽ വൈ പ്രീമിയം റിയർവീൽ ഡ്രൈവ് മോഡൽ 50.89 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിലെത്തിച്ചാണ് ടെസ്ലയുടെ ചുവടുമാറ്റം.

നിലവിൽ ലഭ്യമായിരുന്ന 59.89 ലക്ഷം രൂപയുടെ മോഡൽ വൈ, 67.89 ലക്ഷം രൂപയുടെ മോഡൽ വൈ ലോങ് റേഞ്ച് എന്നിവ പിൻവലിച്ചുകൊണ്ടാണ് പുതിയ മോഡൽ വൈ എത്തിച്ചിരിക്കുന്നത്. ഫലത്തിൽ ഒൻപതുലക്ഷം രൂപയുടെ കുറവാണ് അടിസ്ഥാന മോഡലിൽ കമ്പനി കൊണ്ടുവന്നിരിക്കുന്നത്. പ്രീമിയം റിയർ വീൽ ഡ്രൈവ്, എൽ പ്രീമിയം റിയർ വീൽ ഡ്രൈവ് എന്നീ രണ്ട് പതിപ്പുകളാണ് ഇനി ടെസ്‌യ ഇന്ത്യയുടെ വാഹനനിരയിലുള്ളത്.

കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ കമ്പനിക്ക് തുടക്കം മോശമായ സാഹചര്യത്തിലാണ് ചുവടുമാറ്റം. രാജ്യത്ത് ഇന്ധനവില ഉയർന്നുകൊണ്ടിരിക്കേ വൈദ്യുത കാറുകളോടുള്ള ആളുകളുടെ സമീപനം മാറിവരുന്നതു മുതലെടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മോഡൽ വൈ.എൽ. പ്രീമിയം എ.ഡബ്ല്യു.ഡി. മോഡലും ഇതോടൊപ്പം വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതിന് 61.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

അതേസമയം, പുതിയ പതിപ്പുകളുടെ മെക്കാനിക്കൽ സവിശേഷത ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല. മറ്റ് വിപണികളിൽ ടെസ്‌ല എത്തിക്കുന്ന റിയർ വീൽ ഡ്രൈവ് മോഡൽ വൈയിൽ 64 കിലോവാട്ട് ബാറ്ററി പാക്കാണ് നൽകുന്നത്. പിന്നിലെ ആക്‌സിലിൽ നൽകുന്ന ഈ ഇലക്ട്രിക് മോട്ടോർ 299 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ എത്തിച്ചിരിക്കുന്ന മോഡൽ വൈ റിയർ വീൽ ഡ്രൈവ് പതിപ്പിന് 500 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.