വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടെസ്‌ല എന്ന അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് ഇന്ത്യയിലേക്ക് വഴി തുറന്നത്. എന്നാൽ, വരുന്നത് വരെയുണ്ടായിരുന്ന ആഘോഷങ്ങളും ആരവങ്ങളുമൊന്നും അവതരണത്തിന് ശേഷമുണ്ടായില്ലെന്നതാണ് വസ്തുത. വിൽപ്പനയിൽ വലിയ വീഴ്ചയായിരുന്നു ടെസ്‌ലയെ കാത്തിരുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ഷോറൂമുകൾ തുറന്നിട്ടും വിൽപ്പന നാമമാത്രമായിരുന്നു.

To advertise here,

എസ്‌യുവി പതിപ്പായ മോഡൽ വൈ ആണ് ടെസ്‌ല ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ വാഹന വിപണിയിലെ ട്രെന്റ് തിരിച്ചറിഞ്ഞാണ് എസ്‌യുവി മോഡൽ തന്നെ ആദ്യമെത്തിച്ചത്. എന്നാൽ, ആദ്യ ബാച്ചിൽ ടെസ്‌ല എത്തിച്ച വാഹനങ്ങൾ പോലും വിറ്റഴിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ജൂലായ് മാസത്തിലാണ് ടെസ്‌ല ഇന്ത്യൻ വാഹന വിപണിയുടെ ഭാഗമാകുന്നത്. മോഡൽ വൈ-യുടെ 300 യൂണിറ്റുമായായിരുന്നു ടെസ്‌ലയുടെ വരവ്.

എന്നാൽ, ഈ 300 എണ്ണത്തിൽ ഏകദേശം 100 എണ്ണം ഇനിയും വിറ്റഴിക്കാനുണ്ടെന്നാണ് വിവരം. ഈ വാഹനങ്ങൾക്കും എത്രയും വേഗം ഉപയോക്താക്കളെ കണ്ടെത്തുന്നതിനായി വലിയ ഇളവുകളാണ് ടെസ്‌ല പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റോക്കിൽ അവശേഷിക്കുന്ന വാഹനങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഇളവ് നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വിൽപ്പനയിൽ വളരെ പിന്നിലായതും ഇളവ് നൽകാൻ കാരണമായിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ടെസ്‌ല മോഡൽ വൈ-യുടെ രണ്ട് പതിപ്പുകളാണ് എത്തിയിരിക്കുന്നത്. മോഡൽ വൈ റിയർ വീൽ ഡ്രൈവ്, ലോങ് റേഞ്ച് റിയർ വീൽ ഡ്രൈവ് എന്നിങ്ങനെയെത്തുന്ന ഈ വാഹനത്തിന് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പൂർണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ എത്തുന്ന വാഹനമായതിനാൽ തന്നെ ഉയർന്ന ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ എതിരാളികൾ നൽകുന്ന വിലയിൽ ടെസ്‌ലയുടെ വാഹനങ്ങൾ നിരത്തിലെത്തിക്കാൻ സാധിക്കാത്തതാണ് പ്രധാന വെല്ലുവിളി.

റിയർ-വീൽ ഡ്രൈവ് മോഡലിൽ 60 കിലോവാട്ട് ബാറ്ററി പാക്കാണ് നൽകുന്നത്. ഇത് ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. ലോങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് പതിപ്പിൽ 84.2 കിലോവാട്ട് ബാറ്ററി പാക്കാണ് നൽകിയിരിക്കുന്നത്. 622 കിലോമീറ്ററാണ് ഈ പതിപ്പിൽ ഉറപ്പ് നൽകിയിട്ടുള്ള റേഞ്ച്. 5.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 210 കിലോമീറ്ററാണ് പരമാവധി വേഗത.

Source