മാസങ്ങളും വര്‍ഷങ്ങളും നീണ്ട ഇന്ത്യക്കാരുടെ കാത്തിരിപ്പിനൊടുവിലാണ് ഇലക്ട്രിക് വാഹനങ്ങളിലെ അതികായന്‍ എന്ന വിശേഷണം ഏറെ ഇണങ്ങുന്ന അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിതുടങ്ങിയത്. പേരിനൊരു വാഹനം എത്തിക്കുകയായിരുന്നില്ല ടെസ്ല ചെയ്തത്. അവരുടെ വാഹന നിരയിലെ ഏറ്റവും മികച്ച പതിപ്പായ മോഡല്‍ വൈ ആണ് ഈ അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യക്കായി നല്‍കിയത്.

To advertise here,

ടെസ്ല ഇന്ത്യയില്‍ എത്തിച്ച വാഹനം ഒട്ടും മോശമായിരുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് ടെസ്ല മോഡല്‍ വൈ കരുത്ത് തെളിയിച്ചിരിക്കുന്നത്. ഈ യൂറോപ്യന്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനം സ്വന്തമാക്കിയത്. അതും ഓരോ പരീക്ഷണങ്ങളിലും ഏറ്റവും ഉയര്‍ന്ന സ്‌കോറോടെയാണ് ഈ നേട്ടം. ടെസ്ല മോഡല്‍ വൈ-യുടെ 2025 പതിപ്പാണ് ക്രാഷ് ടെസ്റ്റിനായി ഇറക്കിയത്.

മുതിര്‍ന്ന യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 91 ശതമാനം മാര്‍ക്കാണ് ടെസ്ല മോഡല്‍ വൈ ഇടിച്ച് നേടിയിരിക്കുന്നത്. മുന്നില്‍ നിന്ന് വാഹനത്തിനേറ്റ ആഘാതത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും വാഹനത്തിന്റെ ബോഡി ഷെല്ലില്‍ കാര്യമായ കേടുപാട് സംഭവിക്കാതെ ഇരുന്നതും മോഡല്‍ വൈയുടെ നേട്ടത്തിന് കാരണമായി. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഏറ്റവും ഉയര്‍ന്ന സുരക്ഷ റേറ്റിങ്ങ് ലഭിച്ചെങ്കിലും സൈഡ് പോള്‍ ടെസ്റ്റില്‍ ഉയര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ ഈ വാഹനത്തിന് സാധിച്ചില്ല.

കുട്ടികളുടെ സുരക്ഷയിലും മോഡല്‍ വൈ ഏറെ മുന്നിലാണ്. 93 ശതമാനമാണ് മോഡല്‍ വൈ നേടിയ സ്‌കോര്‍. ചൈല്‍ഡ് സീറ്റുകള്‍ ഏറ്റവും ശരിയായ രീതിയില്‍ ഈ വാഹനത്തില്‍ ഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് സുരക്ഷ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, കുട്ടികളുടെ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഏതാനും കാര്യങ്ങള്‍ വിട്ടുപോയതിനാണ് സ്‌കോര്‍ 93-ല്‍ ഒതുങ്ങിയതെന്നുമാണ് സുരക്ഷ പരിശോധന നടത്തിയ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 86 ശതമാനമാണ് ഈ വാഹനത്തിന്റെ സ്‌കോര്‍.

സ്റ്റാന്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ടെസ്‌ലയുടെ മോഡല്‍ വൈ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ടെസ്ല മോഡല്‍ വൈ-ക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മോഡല്‍ വൈ സ്റ്റാന്റേഡ് വേരിയന്റിന് ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെയാണ് റേഞ്ച് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ലോങ് റേഞ്ച് പതിപ്പിന് 661 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. 60 കിലോവാട്ട്, 84.2 കിലോവാട്ട് എന്നിവയാണ് ഈ വാഹനത്തിലെ ബാറ്ററി പാക്കുകള്‍.