ന്യൂഡൽഹി: അടുത്തവർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീം എങ്ങനെയായിരിക്കും? യുവതാരങ്ങൾക്ക് ഇടം കിട്ടുമോ? മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും കളിക്കുമോ? ആരാധകരുടെ മനസിൽ ചോദ്യങ്ങൾ ഒട്ടേറെയുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ലോകകപ്പ് സംഘത്തെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. കൗമാര താരം വൈഭവ് സൂര്യവംശിയും മലയാളി താരം സഞ്ജു സാംസണും പേസർ ഭുവനേശ്വർ കുമാറും അടങ്ങുന്ന ഉഗ്രൻ സംഘമാണ് ഉത്തപ്പയുടെ സ്‌ക്വാഡിൽ.

To advertise here,

നിലവിൽ ഏകദിന ക്രിക്കറ്റിൽ കളിച്ചുകൊണ്ടിരിക്കുന്ന ബാറ്റർമാരെല്ലാം ഏകദിന ലോകകപ്പിനുള്ള ഉത്തപ്പയുടെ സ്‌ക്വാഡിലുണ്ട്. നായകൻ ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരുണ്ട്. കൗമാരതാരം വൈഭവ് സൂര്യവംശിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വൈഭവ്മിന്നും ഫോമിലാണ്. മറ്റ് ഫോർമാറ്റുകളിലും വൈഭവിനെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതിനിടെയാണ് ഉത്തപ്പ തന്റെ സ്‌ക്വാഡിൽ വൈഭവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം മലയാളി താരം സഞ്ജു സാംസണും മുൻ നായകൻ രോഹിക് ശർമയും ടീമിലുണ്ട്. സഞ്ജു ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ചിട്ട് വർഷങ്ങളായി. അടുത്തിടെ ടി20 സ്‌ക്വാഡിൽ നിന്നടക്കം പുറത്തായിരുന്നു.

രോഹിത് ശർമയെ ഉൾപ്പെടുത്തിയപ്പോൾ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഉത്തപ്പയുടെ ഈ സ്‌ക്വാഡിലില്ല. രോഹിത് ശർമയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ വൻ വിവാദം ഉടലെടുത്തിരുന്നു. രോഹിത് ശർമയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ മാനേജ്‌മെന്റും സെലക്ടർമാരും രണ്ട് തട്ടിലാണ്. രോഹിത് തങ്ങളുടെ പദ്ധതികളിലില്ലെന്ന കാര്യം അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ രോഹിത് ടീമിന്റെ ഭാവി പദ്ധതികളിലുണ്ടെന്ന് പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയുടെ സമ്മർദത്തിന് വഴങ്ങിയാണ് ബിസിസിഐ സെക്രട്ടറി തന്റെ നിലപാട് മാറ്റിയതെന്നാണ് സെലക്ഷൻ കമ്മിറ്റി കരുതുന്നത്. ഇതാണ് വിവാദത്തിലായത്.

അതേസമയം ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരും ഉത്തപ്പയുടെ ഈ ലോകകപ്പ് സംഘത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നീ പേസർമാരും സംഘത്തിലുണ്ട്. ബോംബ് സ്‌ക്വാഡെന്ന് വിശേഷിപ്പിച്ചാണ് ഉത്തപ്പ തന്റെ ടീമിനെ പ്രവചിച്ചത്.

2027 ലോകകപ്പിനുള്ള റോബിൻ ഉത്തപ്പയുടെ 15 അംഗ ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വൈഭവ് സൂര്യവംശി, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.