തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ ഒഡിഷ ഒന്നാമിന്നിങ്സ് ബാറ്റിങ് തുടരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ് ഒഡിഷ. ഒഡിഷയ്ക്കായി ഗൗരവ് ചൗധരി അർധസെഞ്ചുറി തികച്ചു. ആദ്യ ഇന്നിങ്സിൽ കേരളം 404 റൺസിന് പുറത്തായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി എന്നിവരുടെ സെഞ്ചുറികളാണ് കേരളത്തിന് തുണയായത്.
ഒന്നാമിന്നിങ്സിൽ ശാന്തനു മിശ്ര, ഗൗരവ് ചൗധരി എന്നിവർ മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും 60 റൺസാണ് കൂട്ടിച്ചേർത്തത്. മിശ്ര 32 റൺസെടുത്ത് പുറത്തായി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ഗൗരവ് ചൗധരിയും(50) പുറത്തായി. വൺഡൗണായി ഇറങ്ങിയ ടി മുണ്ടെയ്ക്കും (14) പിടിച്ചുനിൽക്കാനായില്ല. സുബ്രാൻഷു സേനാപതിയും(16) സന്ദീപ് പട്നായിക്കുമാണ്(2) ക്രീസിൽ.
ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടേയും അസ്ഹറുദ്ദീന്റേയും പ്രകടനമാണ് കേരളത്തിന് തുണയായത്. 235 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം സച്ചിൻ 112 റൺസെടുത്തു. 263 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 139 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു.
ആറ് വിക്കറ്റിന് 245 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി ഏഴാം വിക്കറ്റിൽ അസ്ഹറുദ്ദീനും ആദിത്യ സർവാതേയും 99 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 77 പന്തിൽ ഏഴ് ഫോറിന്റെ സഹായത്തോടെ 53 റൺസ് അടിച്ച ആദിത്യയെ പുറത്താക്കി രാജേഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കേരളത്തിന് അധികം പിടിച്ചുനിൽക്കാനായില്ല. അഭിജിത് പ്രവീൺ 14 റൺസിനും വൈശാഖ് ചന്ദ്രൻ ഒരു റണ്ണിനും പുറത്തായി. എം.ഡി നിധീഷിന്റെ സമ്പാദ്യം 15 റൺസായിരുന്നു. അതോടെ ഒന്നാമിന്നിങ്സ് 404 റൺസിന് അവസാനിച്ചു.
ആദ്യ ദിനം കേരളത്തിനായി സച്ചിൻ ബേബി സെഞ്ചുറി കണ്ടെത്തിയിരുന്നു. സ്കോർ ബോർഡിൽ മൂന്ന് റൺസെത്തിയപ്പോൾ തന്നെ കേരളത്തിന് ഓപ്പണർമാരെ നഷ്ടമായി. അഭിഷേക് പി നായർ അക്കൗണ്ട് തുറക്കും മുമ്പും അഭിഷേക് ജെ നായർ 11 റൺസിനും പുറത്തായി. ജലജ് സക്സേനയും റൺ കണ്ടെത്തുന്നതിന് മുമ്പ് ക്രീസ് വിട്ടു. വിഷ്ണു വിനോദും സൽമാൻ നിസാറും 21 റൺസ് വീതമെടുത്തു. ഇതോടെ കേരളം അഞ്ച് വിക്കറ്റിന് 101 റൺസ് എന്ന അവസ്ഥയിലായി. തുടർന്ന് സച്ചിനും അസ്ഹറുദ്ദീനും ഒത്തുചേരുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റിൽ 141 റൺസാണ് കൂട്ടിച്ചേർത്തത്. ഒഡിഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റെടുത്തു. രാജേഷ്, സൗമ്യ രഞ്ജൻ, നിനദ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബാദൽ ഒരു വിക്കറ്റും നേടി.
Content Highlights: Kerala vs Odisha, Elite Group C, Ranji Trophy Elite
Published: 19 Oct 2026, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented