റായ്പുർ: ക്യാപ്റ്റനായി ആദ്യപരമ്പര സ്വന്തമാക്കി സ്മൃതി മന്ഥാന. സിംബാബ്വേക്കെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ അനായാസജയത്തോടെയാണ് ഇന്ത്യയും മന്ഥാനയും പരമ്പരവിജയം സ്വന്തമാക്കിയത് (2-0). ആദ്യം ബാറ്റുചെയ്ത സിംബാബ്വേ 20 ഓവറിൽ എട്ടുവിക്കറ്റിന് 102 റൺസെടുത്തു. ഇന്ത്യ 8.5 ഓവറിൽ ഒരു വിക്കറ്റിന് ലക്ഷ്യത്തിലെത്തി. മൂന്നുമത്സരങ്ങളാണ് പരമ്പരയിലുള്ളത്.

To advertise here,

ഹർമൻപ്രീത് കൗറിൽനിന്ന് ക്യാപ്റ്റൻസ്ഥാനം ഏറ്റെടുത്ത മന്ഥാനയ്ക്ക് ഓർമ്മയിൽ സൂക്ഷിക്കാനുള്ള വിജയമധുരമാണ് ലഭിച്ചത്. പരമ്പരയിലെ അവസാനമത്സരം ചൊവ്വാഴ്ച നടക്കും.

25 പന്തിൽ 55 റൺസ് നേടിയ ഷെഫാലിയും 25 പന്തിൽ പുറത്താകാതെ 47 റൺസെടുത്ത മന്ഥാനയും ചേർന്നാണ് ഇന്ത്യൻജയം വേഗത്തിലാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ 96 റൺസ് വന്നപ്പോൾതന്നെ ഇന്ത്യ ജയമുറപ്പിച്ചിരുന്നു. ഷെഫാലി ആറ് ഫോറും നാല് സിക്സും നേടി. മന്ഥാന ആറ് ഫോറും രണ്ട് സിക്സും കണ്ടെത്തി.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞിട്ടു. 32 പന്തിൽ 34 റൺസെടുത്ത ചിപ്പോ ടിറിപാനോയും 35 പന്തിൽ 27 റൺസെടുത്ത ജോസഫൈൻ എൻകോമോയുമാണ് സിംബാബ്വേക്കായി തിളങ്ങിയത്. ഏഴ് ബാറ്റർമാർ രണ്ടക്കം കണ്ടില്ല.

ഇന്ത്യക്കായി പാർട്ട്‌ടൈം സ്പിന്നർ നിക്കി പ്രസാദ് ഏഴ് റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ്, നന്ദിനി ശർമ, ദീപ്തി ശർമ, ശ്രീചരണി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഷെഫാലിക്ക് റെക്കോർഡ്

ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതാടീമിനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി ഷെഫാലി വർമ. 111 സിക്സുകളാണ് താരം ഇതിനകം നേടിയത്. മത്സരത്തിൽ ഷെഫാലി നാല് സിക്സ് നേടിയിരുന്നു.