ബെംഗളൂരു: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലുടനീളം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത് തനിക്കും സഹതാരങ്ങൾക്കും എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ. ഓരോ മത്സരത്തിനും വ്യത്യസ്ത നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നതിനാൽ പരിശീലനത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും സഞ്ജു വ്യക്തമാക്കി. ഇപ്പോഴത്തെ മത്സരക്രമം അനുസരിച്ച് പരിശീലനത്തിനോ തയ്യാറെടുപ്പുകൾക്കോ വലിയ സമയം ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ഇന്ത്യൻ ടീം ന്യൂസീലൻഡിലേക്കാണ് പോകുന്നത്. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര വ്യാഴാഴ്ച്ചയാണ് തുടങ്ങുന്നത്. ഈ മത്സരക്രമത്തെ കുറിച്ചാണ് സഞ്ജു സൂചിപ്പിച്ചത്.

'അത്തരം സാഹചര്യങ്ങളിലാണ് നമ്മുടെ പരിചയസമ്പത്ത് തുണയാകുന്നത്. ആദ്യത്തെ ചില പന്തുകൾ അതീവ ജാഗ്രതയോടെ കളിച്ച് സാഹചര്യങ്ങൾ വിലയിരുത്തുകയാണ് പ്രധാനം. ഇതിനൊപ്പം പരിശീലനത്തിനായി ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തും.'-സഞ്ജു കൂട്ടിച്ചേർത്തു.

'ഞങ്ങൾ 20-ാം തീയതി അവിടെയെത്തും, 21-ാം തീയതി പരിശീലനം നടത്തും, 22-ാം തീയതി മത്സരം കളിക്കും. ഇവിടുത്തെ നല്ല കാര്യങ്ങൾ അവിടേയും തുടരാൻ ശ്രമിക്കും. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അൽപ്പം സമയമെടുക്കും, അതിനാൽ സാഹചര്യങ്ങൾ വിലയിരുത്താൻ ഞങ്ങൾ രണ്ടോ മൂന്നോ പന്തുകൾ എടുക്കും. ഞങ്ങളുടെ അനുഭവത്തിലൂടെ പഠിച്ച കാര്യങ്ങൾ പാലിച്ച് സാഹചര്യങ്ങളെ മാനിച്ചുകൊണ്ട് കളിക്കും'- അദ്ദേഹം പറഞ്ഞു.