യു.പി.എസ്.സി. റാങ്കിന്റെ മികവിൽ സർക്കാർ ഉദ്യോഗസ്ഥനാകണോ, അതോ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റിൽ കരിയർ തിരഞ്ഞെടുക്കണോ എന്ന ചോദ്യം ഒരിക്കൽ അമേയ് ഖുറേസിയക്ക്‌ നേരിടേണ്ടിവന്നു. ഏറെ വെല്ലുവിളികൾനിറഞ്ഞ രണ്ടാമത്തെ സാധ്യതയാണ് ഖുറേസിയ തിരഞ്ഞെടുത്തത്. ക്രിക്കറ്റിൽ കരിയറും ജീവിതവും കണ്ടെത്തിയ ഖുറേസിയ ഇന്ത്യക്കായി കളിച്ചു. അരങ്ങേറ്റമത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 45 പന്തിൽ 57 റൺസ്. അരങ്ങേറ്റം ഗംഭീരം. വിനോദ് കാംബ്ലിയുടെ പിൻഗാമിയാകുമെന്ന് പലരും കരുതിയ ഇടംകൈയൻ ബാറ്റർക്ക് പിന്നീട് അധികം തിളങ്ങാനായില്ല. ശേഷം കളിച്ച 10 ഇന്നിങ്‌സിൽ നേടിയത് 92 റൺസ്. സ്വാഭാവികമായും ടീമിനു പുറത്തായി. ഇതിനിടെ 1999 ലോകകപ്പ് ടീമിലുണ്ടായിരുന്നത് ഒഴിച്ചുനിർത്തിയാൽ ഖുറേസിയയുടെ അന്താരാഷ്ട്ര കരിയർ ഒട്ടും ആകർഷകമായിരുന്നില്ല. പക്ഷേ, ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം സ്ഥിരതയോടെ കളിച്ചു. കളിക്കാരനായും പരിശീലകനായും തിളങ്ങി. ആ അനുഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഫലമാണ് കേരള രഞ്ജി ടീമിന്റെ സെമി ഫൈനൽ പ്രവേശം.

To advertise here,

കേരളത്തിലേക്ക്

എം. വെങ്കട്ടരമണയുമായുള്ള കരാർ അവസാനിച്ചതോടെ കേരളം പുതിയ പരിശീലകനെ അന്വേഷിച്ചുതുടങ്ങി. ഓസ്‌ട്രേലിയയുടെ ബൗളറായിരുന്ന ഷോൺ ടെയ്റ്റ് ഉൾപ്പെടെ പത്തിലേറെപ്പേരുടെ അപേക്ഷയിൽനിന്നാണ് ഖുറേസിയയെ കേരള പരിശീലകനായി നിയമിച്ചത്. ആദ്യ സീസണിൽത്തന്നെ രഞ്ജി സെമിയിലെത്തിച്ച് ഖുറേസിയ വിശ്വാസം കാത്തു. സയ്യിദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും നോക്കൗട്ട് കടക്കാനായില്ലെങ്കിലും ചില മികച്ച പ്രകടനങ്ങൾ ടീമിൽനിന്നുവന്നു.

ആത്മവിശ്വാസം കൂടി

ക്വാർട്ടറിൽ ജമ്മു-കശ്മീരിനെതിരേ മൂന്നാംദിവസം ബാറ്റിങ്ങിനിറങ്ങുംമുൻപ്‌ സൽമാൻ നിസാറിനും ബേസിൽ തമ്പിക്കും ഖുറേസിയ ഒരു വീഡിയോ കാണിച്ചു. 2005-ൽ മെൽബണിൽ‌ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന വിക്കറ്റിൽ 107 റൺസ് നേടിയ മൈക്ക് ഹസ്സിയുടെയും ഗ്ലെൻ മഗ്രാത്തിന്റെയും കൂട്ടുകെട്ടിന്റെ വീഡിയോ. ശേഷം അവരോട് പറഞ്ഞു: ‘‘നിങ്ങളിൽ വിശ്വസിക്കൂ. ഈ കൂട്ടുകെട്ടുപോലെ ക്രീസിൽ നിന്നാൽ നമുക്ക് ചരിത്രം രചിക്കാം.’’ പരിശീലകന്റെ ഉപദേശത്തിൽനിന്ന് ഊർജംനേടി സൽമാനും ബേസിലും പിച്ചിൽ നിലയുറപ്പിച്ചു. നിർണായകമായ ഒരു റൺ ലീഡും േനടി.

കേരള താരങ്ങളിൽ പരിശീലകൻ കൊണ്ടുവന്ന മാറ്റത്തിന്റെ ഉദാഹരണമാണിത്. കളത്തിലും പുറത്തും കർക്കശക്കാരനാണ് ഖുറേസിയ. നന്നായി പരിശീലിക്കുന്നവരെ അതുപോലെ പ്രോത്സാഹിപ്പിച്ചു. അതിന് ഒരുങ്ങാത്തവരെ ടീമിന് പുറത്തിട്ടു. അച്ചടക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. പരിശീലനത്തിൽ മികച്ചുനിന്നവർക്ക് തുടരെ അവസരം നൽകി. ഫോമിലെത്തിയില്ലെങ്കിലും അടുത്തമത്സരത്തിൽ അവർ മികച്ചത് നൽകുമെന്ന് വിശ്വസിച്ചു. ആ വിശ്വാസം താരങ്ങളും കാത്തു. സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, എം.ഡി. നിധീഷ് അടക്കമുള്ളവരുടെ ഫോമിനുപിന്നിൽ ഖുറേസിയയുടെ പ്രചോദനമുണ്ട്.