അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിന് പരമാവധി കളിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പന്തുകള്‍ ചെലവഴിക്കേണ്ടിവന്നു ഗുജറാത്തിന്, മുഹമ്മദ് അസ്ഹറുദ്ദീനെ പിടിച്ചുകെട്ടാന്‍. എന്നിട്ട് വിക്കറ്റെടുക്കാന്‍ കഴിഞ്ഞോ, അതുമില്ല. അസ്ഹറിന്റെ വിക്കറ്റ് ലക്ഷ്യംവെച്ച് മാത്രം ഗുജറാത്തെറിഞ്ഞത് 341 പന്തുകള്‍. എന്നുപറഞ്ഞാല്‍ 56.5 ഓവര്‍. 20 ബൗണ്ടറിയും ഒരു സിക്‌സും ചേര്‍ത്ത് അസ്ഹര്‍ ഈ പന്തുകളിലാകെ സ്വരുക്കൂട്ടിയ റണ്‍സ് 177. തകര്‍പ്പനായടിക്കാന്‍ മാത്രമല്ല, മതിലുപോലെ നിന്ന് ബാറ്റുചെയ്യാനും തനിക്കറിയാം എന്നുകൂടി തെളിയിക്കുകയായിരുന്നു തളങ്കരക്കാരൻ.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ കത്തുന്ന ചൂടില്‍ കേരളത്തെ എറിഞ്ഞിടാന്‍ ഗുജറാത്ത് ചെലവഴിച്ചത് 1,122 പന്തുകള്‍. പതിനൊന്നുപേര്‍ക്ക് സമമായി വീതിച്ചാല്‍പ്പോലുമുണ്ട്, ഒരാള്‍ക്ക് 102 പന്തുകള്‍. കേരള നിരയിലെ എട്ട് താരങ്ങളും അന്‍പതിനപ്പുറം പന്തുകള്‍ നേരിട്ടു. സല്‍മാന്‍ നിസാര്‍ 202, സച്ചിന്‍ ബേബി 195 പന്തുകളും നേരിട്ടു. ടീമാകെ നേടിയത് 52 ഫോറും രണ്ടേ രണ്ട് സിക്‌സും. അതുവഴി കിട്ടിയ 220 റണ്‍സും എക്‌സ്ട്രാ വഴി കിട്ടിയ 18 റണ്‍സും ചേര്‍ത്താല്‍ 238. ശേഷിച്ച 219 റണ്‍സും നേടിയത് വിക്കറ്റുകള്‍ക്കിടയിലൂടെ ഓടിയാണ്.
അസ്ഹറുദ്ദീന്റെ പേരുവന്നതില്‍ത്തന്നെയുണ്ട് കൗതുകം. അജ്മലെന്നായിരുന്നു വീട്ടുകാരിട്ട പേര്. ഗള്‍ഫിലായിരുന്ന മൂത്ത ചേട്ടന്‍ ഖമറുദ്ദീന്‍ കടുത്ത അസ്ഹറുദ്ദീന്‍ ഫാനായിരുന്നു. ഒരുനാള്‍ അസ്ഹറുദ്ദീന്റെ കളികണ്ട് പ്രചോദിതനായ ഖമറു, അപ്പോള്‍ത്തന്നെ നാട്ടിലേക്ക് വിളിച്ച് ഉപ്പയോട് അനിയന് അജ്മല്‍ എന്ന പേരുമാറ്റി അസ്ഹറുദ്ദീന്‍ എന്നാക്കാന്‍ പറഞ്ഞു. ഉപ്പ അതനുസരിച്ചു. അസ്ഹറുദ്ദീനിപ്പോള്‍ നാട്ടില്‍ രണ്ടുപേരുണ്ട്. ഒന്ന് അസ്ഹറുദ്ദീന്‍, അടുപ്പക്കാര്‍ക്ക് അവനിപ്പോഴും 'അജു'വാണ്.
അക്കാലത്തെ ട്രാവിസ് ഹെഡാണ് ഗില്‍ക്രിസ്റ്റ് എന്നു വേണമെങ്കില്‍ പറയാം. ഗില്‍ക്രിസ്റ്റിന്റെ കളികണ്ടും അക്കളി ഇഷ്ടപ്പെട്ടും അസ്ഹര്‍ വളര്‍ന്നു. ഗില്‍ക്രിസ്റ്റിനെപ്പോലെത്തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ പേരെടുക്കുകയും ചെയ്തു. കാസര്‍കോട്ടെ തളങ്കരയില്‍നിന്ന് അസ്ഹര്‍ അങ്ങനെ ഇന്ത്യയോളം വലിപ്പത്തില്‍ പ്രശസ്തനായി. ഒരന്താരാഷ്ട്ര മത്സരത്തില്‍ അസ്ഹര്‍ ഇന്ത്യക്കുവേണ്ടി ജഴ്‌സിയണിയുന്നത് കാണാമെന്ന പ്രതീക്ഷയാണിനി.
ക്രിക്കറ്റിലെ അസ്ഹറിന്റെ ആക്രമണാത്മക ശൈലി സുവിദിതമാണ്. പക്ഷേ, പിടിച്ചുനിന്ന് കളിക്കുക എന്നതാണ് കോച്ച് അമയ് ഖുറേസിയയുടെ നിലപാട്. കേരളനിരയുടെ ബാറ്റിങ് ശൈലി ഒന്നടങ്കം നോക്കിയാല്‍ അത് മനസ്സിലാവും. അടിച്ചുനിരത്തുന്ന സല്‍മാന്‍ നിസാറിനെയൊക്കെ എത്ര ക്ഷമയോടെയാണ് ക്രീസില്‍ക്കണ്ടത്! അസ്ഹര്‍ പക്ഷേ, പലപ്പോഴും അത് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു.
സ്വന്തം സ്‌കോര്‍ 87-ല്‍ നില്‍ക്കേ, ഇന്ത്യന്‍ സൂപ്പര്‍താരം രവി ബിഷ്‌ണോയ്‌യെ തുടര്‍ച്ചയായി മൂന്നുവട്ടം ബൗണ്ടറി കടത്തിയതുതന്നെ ഉദാഹരണം. മൂന്ന് ഫോറുകള്‍ നേടിയതോടെ അസ്ഹറിന്റെ വ്യക്തിഗത സ്‌കോര്‍ 99-ലെത്തി. പിന്നെയൊന്നടങ്ങിയാണ് നൂറുതികച്ചത്. തനതു ശൈലിയിലേക്ക് വരുന്നതുകണ്ട അസ്ഹറിനെ ഗ്രൗണ്ടില്‍ വെള്ളം കൊണ്ടുവരുന്ന ആള്‍വഴിയാണ് കോച്ച് അടക്കിനിര്‍ത്തിയത്.
Content Highlights: ranji trophy kerala and mohammed azharuddeen performance
Published: 19 Feb 2025, 12:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented