ബെംഗളൂരു: ഇന്ത്യ എ, ഇന്ത്യ ബി അണ്ടര്‍ 19 ടീമുകളും അഫ്ഗാനിസ്താന് അണ്ടര്‍ 19 ടീമും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി യുവപ്രതിഭ വിഹാന് മല്‍ഹോത്രയെ തിരഞ്ഞെടുത്തു. ഹൈദരാബാദിന്റെ മലയാളി താരം ആരോണ്‍ ജോര്‍ജാണ് ഇന്ത്യ ബി അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന് അന്വയ് ദ്രാവിഡ് ഇന്ത്യ ബി ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പറായാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 17 മുതല്‍ 30 വരെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ടൂര്‍ണമെന്റ്. വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇന്ത്യ എ ടീമിനൊപ്പമായതിനാലാണ് വിഹാന് മല്‍ഹോത്രയെ ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുന്തുവാണ് വൈസ് ക്യാപ്റ്റന്‍. വേദാന്ത് ത്രിവേദിയാണ് ബി ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
നിലവില്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിനാലാണ് ആയുഷ് മാത്രെയെ സെലക്ഷനായി പരിഗണിക്കാതിരുന്നത്. എസിസി റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വൈഭവിനെയും പരിഗണിച്ചില്ല.
കഴിഞ്ഞ വര്‍ഷം വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കര്‍ണാടയ്ക്ക് വേണ്ടി സെഞ്ചുറി നേടി അന്വയ് വരവറിയിച്ചിരുന്നു. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 153 പന്തില്‍ 100 റണ്‍സായിരുന്നു നേട്ടം. 16 വയസില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റാണ് വിജയ് മര്‍ച്ചന്റ് ട്രോഫി. അടുത്തിടെ വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി അന്‍വയെ നിയമിച്ചിരുന്നു.
ദ്രാവിഡിന്റെ രണ്ട് മക്കളും അറിയപ്പെടുന്ന ക്രിക്കറ്റര്‍മാരാണ്. മൂത്ത മകന് സമിത്ത് ദ്രാവിഡ് 2024-ല്‍ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍, പരിക്ക് കാരണം അദ്ദേഹത്തിന് അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂനിയര്‍ ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടി തിളങ്ങിയാണ് ഇന്ത്യന്‍ ടീമിലെത്തിയത്.
Content Highlights: Anvay Dravid, son of cricket legend Rahul Dravid, selected for India U19 B squad for the upcoming Tri-Nation Series in Bengaluru. Read more about the squad and the tournament.
Published: 11 Nov 2025, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented