ന്യൂഡല്‍ഹി: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂര്‍ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ വെളിപ്പെടുത്തല്‍. യൂട്യൂബ് ചാനലിലെ സംവാദത്തിനിടെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. ടീമുകള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും മുന്‍പ് തന്നെ അശ്വിന്‍ വെളിപ്പെടുത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

To advertise here,

"മുംബൈ ആരെയും റിലീസ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അവർ ആരെയും ഒഴിവാക്കാൻ പോകുന്നില്ല. ഇടയ്ക്കിടെ പരിക്കേൽക്കുന്ന ദീപക് ചഹറിന് പകരക്കാരനെ കണ്ടെത്തുക എന്നതായിരിക്കും അവരുടെ ഏറ്റവും വലിയ ആശങ്ക. എൽഎസ്ജിയിൽ നിന്നുള്ള ട്രേഡിലൂടെ അവർ ശാർദുൽ താക്കൂറിനെ ടീമിലെത്തിച്ചിട്ടുണ്ട്. അത് സംഭവിച്ചു, അവർ ഒരു സ്പിന്നറെയും ഉന്നമിടും.” - യൂട്യൂബ് ചാനലിൽ അശ്വിൻ പ്രതികരിച്ചു.

മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും അര്‍ജുന്‍ തെണ്ടുല്‍ക്കറെയും ശാര്‍ദുല്‍ താക്കൂറിനെയും പരസ്പരം കൈമാറാന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അടുത്തിടെ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തൽ. സംഭവം ചർച്ചകൾക്ക് വഴിവെച്ചതോടെ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. താരങ്ങളുടെ കൂടുമാറ്റം സഞ്ജു-ജഡേജ സ്വാപ് ഡീല്‍ പോലെയായിരിക്കില്ലെന്നാണ് വിവരം.

2025-ലെ ലേലത്തില്‍ ശാര്‍ദുലിനെ ഒരു ഫ്രാഞ്ചൈസിയും വിളിച്ചെടുത്തിരുന്നില്ല. എന്നാല്‍, തങ്ങളുടെ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ മൊഹ്സിന്‍ ഖാന് പരിക്കേറ്റതോടെ പകരക്കാരനായി ലഖ്‌നൗ പിന്നീട് ശാര്‍ദുലിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഐപിഎല്‍ ട്രേഡ് നിയമങ്ങള്‍ അനുസരിച്ച്, ഏതൊരു താരക്കൈമാറ്റവും ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് ബിസിസിഐ ആണ്.

2023-ല്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍നിന്ന് മൂന്ന് വിക്കറ്റുകളാണ് സമ്പാദ്യം. കഴിഞ്ഞ മെഗാ താരലേലത്തില്‍ മുംബൈ 30 ലക്ഷം രൂപയ്ക്ക് അര്‍ജുനെ ടീമിലേക്ക് തിരികെയെത്തിച്ചിരുന്നു.