ന്യൂഡൽഹി: ഐപിഎല്ലിൽ ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം മറികടന്നാണ് പഞ്ചാബ് റെക്കോഡ് കുറിച്ചത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരു ടീമും ഇത്രയും റൺസ് ചേസ് ചെയ്ത് ജയിച്ചിട്ടില്ല. പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 26 പന്തിൽ നിന്ന് 76 റൺസെടുത്ത പ്രഭ്‌സിമ്രാൻ സിങ്, 36 പന്തിൽ നിന്ന് 71 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരാണ് പഞ്ചാബ് ഇന്നിങ്‌സിന് കരുത്തുപകർന്നത്. അതേസമയം മത്സരത്തിന്റെ അവസാനം ശ്രേയസ് അയ്യരെ പുറത്താക്കാനുള്ള അവസരം ഡൽഹി നഷ്ടപ്പെടുത്തിയത് വൻ ചർച്ചയാകുകയാണ്. രണ്ട് തവണയാണ് ഡൽഹി താരം കരുൺ നായർ ശ്രേയസ് അയ്യരുടെ ക്യാച്ച് വിട്ടുകളഞ്ഞത്. മത്സരത്തിലെ തന്നെ ഏറ്റവും നിർണായകഘട്ടമായിരുന്നു ഇത്.
14 ഓവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. ആറോവറിൽ 72 റൺസ് വേണ്ട ഘട്ടം. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും നേഹൽ വധേരയുമാണ് ക്രീസിലുണ്ടായിരുന്നത്. വിപ്രജ് നിഗം എറിഞ്ഞ 15-ാം ഓവറിൽ നേഹൽ വധേര പുറത്തായി. ഓവറിലെ മൂന്നാം പന്തിലാണ് താരത്തെ കൂടാരം കയറ്റിയത്. അതോടെ പഞ്ചാബ് പ്രതിരോധത്തിലായി. മാത്രമല്ല, ആ ഓവറിലെ അവസാന പന്തിൽ ഡൽഹിക്ക് മികച്ച അവസരം കിട്ടി. ശ്രേയസ് അയ്യരുടെ ഷോട്ട് നേരെ കരുൺ നായരുടെ അടുത്തേക്ക്. അനായാസം ക്യാച്ച് എടുക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ കരുൺ നായർക്ക് പന്ത് കൈപ്പിടിയിലാക്കാൻ സാധിച്ചില്ല. പന്ത് വഴുതി മൈതാനത്ത് വീണു.
ക്യാച്ച് വിട്ടതുകണ്ട് ഡൽഹി താരങ്ങളെല്ലാം നിരാശയിലായി. ബൗളർ വിപ്രജ് മൈതാനത്ത് തലയിൽ കൈവെച്ച് ഇരിക്കുകയാണ് ചെയ്തത്. എന്നാൽ അവിടെ തീർന്നില്ല. തൊട്ടടുത്ത് തന്നെ വീണ്ടും അയ്യരെ പുറത്താക്കാനുള്ള അവസരം കിട്ടി. 16-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു അത്. ഇക്കുറിയും കരുൺ നായർ തന്നെ ക്യാച്ച് വിട്ടുകളഞ്ഞു. ബൗളർ കുൽദീപ് യാദവായിരുന്നുവെന്ന് മാത്രം. അങ്ങനെ രണ്ട് തവണ ജീവൻ തിരിച്ചുകിട്ടിയ അയ്യർ പിന്നീട് കത്തിക്കയറി. അതോടെ ഡൽഹിയുടെ വിധി കുറിക്കപ്പെട്ടു. 18.5 ഓവറിൽ പഞ്ചാബ് ജയം സ്വന്തമാക്കി. അയ്യർ 36 പന്തിൽ നിന്ന് 71 റൺസുമായി പുറത്താകാതെ നിന്നു.
ഡൽഹിക്കെതിരായ ജയത്തോടെ അപരാജിതക്കുതിപ്പ് തുടരുകയാണ് പഞ്ചാബ്. ഐപിഎല്ലിലെ ആദ്യ ഏഴ് മത്സരങ്ങളിലും ടീം പരാജയമറിഞ്ഞിട്ടില്ല. ആറ് മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു കളി ഉപേക്ഷിച്ചു. ഏഴുമത്സരങ്ങളിൽ നിന്ന് 13 പോയന്റോടെ പട്ടികയിൽ തലപ്പത്താണ് പഞ്ചാബ്.
Content Highlights: Punjab Kings successfully chased a massive 265-run target., The chase is the highest in IPL tournament history., Prabhsimran Singh (76 off 26) and Shreyas Iyer (71 off 36) led the batting effort., Karun Nair's two dropped catches of Shreyas Iyer proved decisive for Delhi., Punjab remains undefeated with 13 points from 7 matches.
Published: 26 Apr 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented