ചണ്ഡീഗഡ്: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്ര ജേഴ്‌സിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി പൃഥ്വി ഷാ. ചണ്ഡീഗഡിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 141 പന്തില്‍ നിന്ന് ഇരട്ട സെഞ്ചുറി തികച്ച താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ഇരട്ട സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. കഴിഞ്ഞ 20 മാസത്തിനിടെ ഇതാദ്യമായാണ് പൃഥ്വിയുടെ വ്യക്തിഗത സ്‌കോര്‍ മൂന്നക്കം കടക്കുന്നത്.
രഞ്ജി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറികൂടിയാണിത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി എന്ന റെക്കോര്‍ഡ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേരിലാണ്. 1985 ല്‍ ബറോഡയ്ക്കെതിരെ 123 പന്തില്‍ നിന്നാണ് ശാസ്ത്രി 200 അടിച്ചത്. അതേസമയം, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ചുറി ഹൈദരാബാദ് ഓപ്പണര്‍ തന്മയ് അഗര്‍വാളിന്റെ പേരിലാണ്. 2024 ജനുവരിയില്‍ രഞ്ജി ട്രോഫി പ്ലേറ്റ് ടൂര്‍ണമെന്റില്‍ വെറും 119 പന്തിലാണ് തന്മയ് ഇരട്ട സെഞ്ചുറിയിലെത്തിയത്.
പൃഥ്വിയുടെ സ്‌കോര്‍ 156 പന്തില്‍ 222 റണ്‍സില്‍ നില്‍ക്കെ മഹാരാഷ്ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 29 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒന്നാം ഇന്നിങ്‌സില്‍ വെറും എട്ടു റണ്‍സിന് പുറത്തായതിന്റെ കേട് രണ്ടാം ഇന്നിങ്‌സിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ താരം തീര്‍ത്തു.
പൃഥ്വിയുടെ ബാറ്റിങ് മികവില്‍ മൂന്നിന് 359 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത മഹാരാഷ്ട്ര 464 റണ്‍സ് വിജയലക്ഷ്യമാണ് ചണ്ഡീഗഡിനു മുന്നില്‍വെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ചണ്ഡീഗഡ്, മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 129 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസവും ഒമ്പതു വിക്കറ്റും ബാക്കി നില്‍ക്കെ, വിജയത്തിലേക്കു അവര്‍ക്ക് ഇനി 335 റണ്‍സ് കൂടി വേണം.
മുംബൈ വിട്ട് ഈ സീസണിലാണ് പൃഥ്വി ഷാ മഹാരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയത്. പരിശീലന മത്സരത്തില്‍ മുംബൈക്കെതിരേ പുറത്തെടുത്ത ബാറ്റിങ് മികവ്, സീസണിലെ രണ്ടാം മത്സരത്തിലും തുടരാന്‍ താരത്തിനായി. നേരത്തേ കേരളത്തിനെതിരെയായിരുന്നു പൃഥ്വിയുടെ സീസണിലെ ആദ്യ മത്സരം. ഒന്നാം ഇന്നിങ്‌സില്‍ ഡക്കായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സെടുത്തു.
ചണ്ഡീഗഡിനെതിരേ തുടക്കം മുതല്‍ തന്നെ അറ്റാക്കിങ് മോഡിലായിരുന്നു താരം. 72 പന്തില്‍ നിന്നായിരുന്നു സെഞ്ചുറി. 69 പന്തില്‍ നിന്ന് അടുത്ത 100 റണ്‍സും പിറന്നു. മഹാരാഷ്ട്ര ജേഴ്‌സിയിലെ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 14-ാമത്തേതും.
ഇന്ത്യയുടെ ഭാവി സച്ചിനെന്നായിരുന്നു കുട്ടിക്കാലത്ത് പൃഥ്വിയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. അത് ശരിവെയ്ക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനങ്ങള്‍. 2018-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വി. അതേ വര്‍ഷം രാജ്‌കോട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം. സെഞ്ചുറിയുമായി അരങ്ങേറ്റം കേമമാക്കി. പിന്നാലെ ഏകദിന, ട്വന്റി20 ടീമുകളിലും ഇടം ലഭിച്ചെങ്കിലും മോശം ഫോമും അച്ചടക്കമില്ലായ്മയും ടീമിന് പുറത്തേക്കുള്ള വഴിയായി. കഴിഞ്ഞ ഐപിഎല്ലില്‍ താരത്തെ ആരും വാങ്ങിയിരുന്നില്ല.
Content Highlights: Prithvi Shaw slams a rapid double century in the Ranji Trophy for Maharashtra, marking his fastest first-class double ton. Will he make an Indian comeback?
Published: 27 Oct 2025, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented