ലാഹോര്‍: സഹതാരത്തിന്റെ മുഖത്തടിച്ചതിനെത്തുടര്‍ന്ന് പാകിസ്താന്‍ പേസ് ബൗളര്‍ ഹാരിസ് റൗഫ് വിവാദത്തില്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെയാണ് ഹാരിസ് റൗഫ് സഹതാരമായ കമ്രാന്‍ ഗുലാമിന്റെ മുഖത്തടിച്ചത്. 

To advertise here,

ക്യാച്ച് വിട്ടതിന്റെ ദേഷ്യത്തിലാണ് ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് താരമായ റൗഫ് ഗുലാമിന്റെ മുഖത്തടിച്ചത്. പെഷവാര്‍ സാല്‍യ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സംഭവം അരങ്ങേറിയത്. രണ്ടാം ഓവറെറിഞ്ഞ റൗഫിന്റെ രണ്ടാം പന്തില്‍ പെഷവാറിന്റെ അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായിയുടെ ക്യാച്ച് ഗുലാം പാഴാക്കി. 

പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തില്‍ സസായിക്കൊപ്പം ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി. ബൗണ്ടറി ലൈനില്‍ ഫവാദ് മുഹമ്മദ് ക്യാച്ചെടുത്താണ് ഹാരിസ് പുറത്തായത്. 

റൗഫിനെ അഭിനന്ദിക്കാനായി സന്തോഷത്തോടെ ഓടിയെത്തിയ ഗുലാമിന് പക്ഷേ നിരാശയാണ് സമ്മാനമായി ലഭിച്ചത്. നേരത്തേ ക്യാച്ച് പാഴാക്കിയതിന്റെ അരിശത്തില്‍ റൗഫ് ഗുലാമിന്റെ മുഖത്തടിച്ചു. റൗഫിന്റെ പ്രതികരണത്തെ പുഞ്ചിരിയോടെ നേരിട്ട ഗുലാം സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു. എന്നാല്‍ റൗഫ് ആകട്ടെ അപ്പോഴും ദേഷ്യത്തിലായിരുന്നു. 

റൗഫിന്റെ പെരുമാറ്റം ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. റൗഫിനെതിരേ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. റൗഫ് ഗുലാമിനോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.