ലാഹോർ: പശ്ചിമേഷ്യയിലെ സംഘർഷം പാകിസ്താൻ സൂപ്പർ ലീഗിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയരുന്നതിനാൽ രണ്ട് വേദികളിൽ മാത്രമായി ലീഗ് മത്സരങ്ങൾ നടത്താനാണ് പിസിബിയുടെ തീരുമാനം. മാത്രമല്ല, വിദേശ താരങ്ങൾ പിഎസ്എല്ലിൽ പങ്കെടുക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഇപ്പോഴിതാ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഡാരിൽ മിച്ചൽ എന്നിവരുൾപ്പെടെയുള്ള വിദേശ താരങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താനിലെ ഒരു സായുധസംഘടന.

To advertise here,

ജമാത്ത് ഉൾ അഹ്രാർ എന്ന സായുധസംഘടനയാണ് വിദേശതാരങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ടൂർണമെന്റ് കളിക്കാനായി പാകിസ്താനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും ഉടൻ തന്നെ ലീഗിൽ നിന്നും പിന്മാറണമെന്നും അവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു. താരങ്ങളെ പാകിസ്താനിലേക്ക് അയക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോട് ഈ സംഘടനയുടെ ഒരു കമാൻഡർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിൽ ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്, പാകിസ്താൻ ജനത സൈനിക അടിച്ചമർത്തലിന്റെയും ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള അതിക്രമങ്ങളുടെയും ഫലമായി ദുരിതങ്ങൾ അനുഭവിക്കുന്നു. നമ്മുടെ തെരുവുകളിൽ പ്രിയപ്പെട്ടവരുടെ സംസ്കാരങ്ങൾ നടക്കുമ്പോൾ, നമ്മുടെ അമ്മമാർ മക്കളുടെ തിരോധാനം ഓർത്ത് വിലപിക്കുമ്പോൾ, പാകിസ്താൻ സൂപ്പർ ലീഗ് നടത്തുന്നത് ക്രൂരമായി പരിഹസിക്കുന്നത് പോലെയാണ്. ഈ സമയത്ത് ഇത്തരം ടൂർണമെന്റുകൾ നടത്തുന്നത് മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

പിഎസ്എല്ലിൽ പങ്കെടുക്കുന്നവർക്ക്, പ്രത്യേകിച്ച് വിദേശ കളിക്കാർക്ക് ഞങ്ങൾ വ്യക്തമായ ഒരു സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നിലവിലെ ആഭ്യന്തര സുരക്ഷയും രാഷ്ട്രീയ സാഹചര്യവും അസ്ഥിരവും അപകടകരവുമാണ്. സൈനിക നടപടികളും ജനകീയ പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ സ്വാധീനിക്കുന്ന ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര കായികതാരങ്ങളുടെ സുരക്ഷ ഉറപ്പ് നൽകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ, നിങ്ങളുടെ വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകാനും ടൂർണമെന്റിൽ നിന്ന് ഉടൻ പിന്മാറാനും ഞങ്ങൾ നിർദേശിക്കുന്നു. സമാധാനപരമായ ഏതൊരു കായിക വിനോദത്തിനും നിലവിൽ അനുയോജ്യമല്ലാത്ത ഒരു സാഹചര്യമാണിത്. - പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ലീഗിൽ ബംഗ്ലാദേശ് താരങ്ങൾ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. പാകിസ്താനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള സംഘർഷങ്ങൾ കാരണം, ബംഗ്ലാദേശ് താരങ്ങൾക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ കളിക്കാനാകൂ. പിഎസ്എൽ ലേലത്തിൽ ടീമുകൾ തട്ടകത്തിലെത്തിച്ച ആറ് ബംഗ്ലാദേശ് കളിക്കാരുടെ പങ്കാളിത്തമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.