ദുബായ്: ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിനു മുമ്പ് പാകിസ്താന്‍ താരം ഹാരിസ് റൗഫിനോടുള്ള പാക് ആരാധകന്റെ അതിവൈകാരികമായ അഭ്യര്‍ഥന വൈറലാകുന്നു. ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി പാകിസ്താന്‍ ഫൈനലില്‍ കടന്നതിനു പിന്നാലെയായിരുന്നു ആരാധകന്റെ അഭ്യര്‍ഥന.

To advertise here,

ഫൈനലില്‍ ഇന്ത്യയെ വെറുതെ വിടരുതെന്നും പ്രതികാരം ചെയ്യണമെന്നുമായിരുന്നു ഭ്രാന്തമായ രീതിയില്‍ ആരാധകന്‍ റൗഫിനോട് പറഞ്ഞത്. ഇയാളുടെ കൈപിടിച്ച് ചിരിച്ചുകൊണ്ട് ആരാധകന്‍ പറയുന്നതു കേട്ട റൗഫ്, ശേഷം ഫ്‌ളയിങ് കിസ് നല്‍കിയാണ് തിരികെ മടങ്ങിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിലേക്ക് കടക്കുമ്പോഴും കളിക്കളത്തിന് പുറത്തുള്ള ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് ശമനംവന്നിട്ടില്ല. അതേസമയം ടൂര്‍ണമെന്റില്‍ രണ്ടു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. സൂപ്പര്‍ ഫോര്‍ മത്സരത്തിനു ശേഷം പാക് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവര്‍ക്കെതിരേ ബിസിസിഐ, ഐസിസിക്ക് പരാതി നല്‍കിയിരുന്നു. സൂപ്പര്‍ഫോര്‍ മത്സരത്തിനിടെ റൗഫും ഫര്‍ഹാനും നടത്തിയ ആംഗ്യങ്ങള്‍ക്കെതിരേയാണ് ബിസിസിഐ പരാതിനല്‍കിയത്. അര്‍ധസെഞ്ചുറി നേടിയ ഫര്‍ഹാന്‍ വെടിവെപ്പ് നടത്തുന്നരീതി ബാറ്റുകൊണ്ട് അനുകരിച്ചാണ് ആഘോഷം നടത്തിയത്. റൗഫാകട്ടെ വിമാനം തകര്‍ന്നുവീഴുന്നരീതിയില്‍ ആംഗ്യം കാണികള്‍ക്കുനേരേ കാണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള സിന്ദൂര്‍ ഓപ്പറേഷനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു മത്സരത്തിനിടെയുള്ള ഹാരിസ് റൗഫിന്റെ ആംഗ്യങ്ങള്‍. റൗഫിനോടും ഫര്‍ഹാനോടും വെള്ളിയാഴ്ച ഹാജരാകാനാണ് മാച്ച് റഫറി നിര്‍ദേശിച്ചിരിക്കുന്നത്.