ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിൽ പാകിസ്താൻ എ ടീമിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ. ഷഹ്ബാസ് അഹമ്മദ് രണ്ടോവർ കൂടി ക്രീസിൽ നിലയുറപ്പിച്ചിരുന്നെങ്കിൽ താൻ മത്സരം ജയിപ്പിക്കുമായിരുന്നുവെന്ന് തിലക് പറഞ്ഞു. വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായതെന്നും ഇന്ത്യ എ ക്യാപ്റ്റൻ വിലയിരുത്തി. മത്സരത്തിൽ തിലക് വർമ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയെ ജയിപ്പിക്കാനായില്ല.
‘അഭിഷേക് തുടങ്ങിയ രീതിയും ഇടയ്ക്ക് ഷഹ്ബാസ് എന്നോടൊപ്പം കൂട്ടുകെട്ട് ഉണ്ടാക്കിയ രീതിയുമെല്ലാം നിർണായകമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ഞങ്ങൾക്ക് വേഗത്തിൽ റൺസ് നേടേണ്ടിയിരുന്ന സമയത്ത് ഷഹബാസ് പുറത്തായി. അല്ലെങ്കിൽ, ഷഹ്ബാസ് ഒരു രണ്ട് ഓവർ കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ, എനിക്ക് മത്സരം ഫിനിഷ് ചെയ്യാൻ കഴിയുമായിരുന്നു.’ - തിലക് മത്സരശേഷം പറഞ്ഞു.
‘രണ്ടാം പകുതിയിൽ, ആദ്യത്തെ പത്തോവറുകളിൽ പന്ത് കുറച്ചുകൂടി സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. വളരെ മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ആ രണ്ട് പേസർമാർക്കാണ് അതിന്റെ ക്രെഡിറ്റ്. ചേസ് ചെയ്യുന്നതിനിടെ ഞങ്ങൾക്ക് അടുത്തടുത്ത് വിക്കറ്റുകൾ നഷ്ടമായി. അല്ലെങ്കിൽ 48-ാം ഓവറിലോ 47-ാം ഓവറിലോ ഞങ്ങൾക്ക് മത്സരം ജയിക്കാമായിരുന്നു.’- തിലക് പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് മത്സരം വിജയിക്കുക എന്നതാണ്. ഞാൻ മത്സരം വിജയിക്കുന്നില്ലെങ്കിൽ, അത് എനിക്ക് മികച്ചതല്ല. എന്നാൽ ഞാൻ എപ്പോഴും കളി അവസാന ഘട്ടം വരെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ മത്സരത്തിലും ഞാൻ അത് തന്നെയാണ് നോക്കിയത്.’ - തിലക് കൂട്ടിച്ചേർത്തു.
ഇന്ത്യ എയെ 48 റൺസിനാണ് പാകിസ്താൻ എ തോൽപ്പിച്ചത്. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി നേടിയെങ്കിലും വിജയതീരം തൊട്ടില്ല. ഇന്ത്യ എയ്ക്ക് 49.1 ഓവറിൽ 265 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 149 പന്തിൽ 100 റൺസെടുത്ത തിലക് വർമ കൂടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.
അഭിഷേക് ശർമയും ക്യാപ്റ്റൻ തിലക് വർമയും ചേർന്ന് മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി. 42 പന്തിൽ ആറ് വീതം ഫോറും സിക്സും അടിച്ച് 70 റൺസെടുത്ത അഭിഷേക് ശർമയെ ഹസൻ നവാസ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു.പിന്നാലെ ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. കുമാർ കുശാഗ്ര, റിങ്കു സിങ്ങ്, സൂര്യാൻഷ് ഷെഡ്ഗെ എന്നിവരെല്ലാം രണ്ടക്കം കാണും മുമ്പ് ക്രീസ് വിട്ടു. ഇതോടെ ഇന്ത്യ എ ആറ് വിക്കറ്റിന് 129 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഈ സമയത്താണ് ഒരറ്റത്ത് നിലയുറപ്പിച്ച തിലക് വർമയ്ക്കൊപ്പം ഷഹബാസ് അഹമ്മദ് ചേരുന്നത്. ഇരുവരും ഏഴാം വിക്കറ്റിൽ 112 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 49 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 56 റൺസെടുത്ത ഷഹബാസിനെ പുറത്താക്കി അലി റാസ പാകിസ്താനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
Published: 23 Nov 2026, 09:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented