വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിനെ വിടാതെ പിന്തുടരുകയാണ് സൂപ്പര്‍ ഓവര്‍ ദുരന്തം. വീണ്ടും വിജയവാതില്‍ വരെ ഓടിയെത്തി ന്യൂസീലന്‍ഡ് വീണുപോയി. ആ വാതില്‍ തുറക്കാന്‍ അവര്‍ക്കായില്ല. മൂന്നു ദിവസത്തിനിടെ നടന്ന രണ്ടു ട്വന്റി-20യിലും സൂപ്പര്‍ ഓവര്‍ വിധി നിര്‍ണയിച്ചപ്പോള്‍ തോല്‍വിയായിരുന്നു കിവീസിന്റെ വിധി. 

To advertise here,

ഇന്ത്യക്കെതിരായ നാലാം ട്വന്റി-20യില്‍ അവസാന ഓവറില്‍ വിജയിക്കാന്‍ കിവീസിന് ഏഴു റണ്‍സ് മാത്രം മതിയായിരുന്നു. ഏഴു വിക്കറ്റും കൈയിലുണ്ടായിരുന്നു. എന്നാല്‍ ആറു പന്തിനിടയില്‍ നാലു വിക്കറ്റ് കളഞ്ഞ ആതിഥേയര്‍ക്ക് നേടാനായത് ആറു റണ്‍സ് മാത്രം. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലെത്തി. സൂപ്പര്‍ ഓവറില്‍ കിവീസുയര്‍ത്തിയ 14 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.

Read More: സൂപ്പര്‍ ഓവറിന് ഇറങ്ങും മുമ്പ് രാഹുല്‍ പറഞ്ഞു: 'സഞ്ജു വേണ്ട, കോലി മതി'

12 വര്‍ഷത്തിനിടെ കിവീസ് കളിച്ച എട്ടു സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങളിലും ഏഴിലും തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയും ഇതില്‍ ഉള്‍പ്പെടുന്നു. 2008-ല്‍ ഓക്‌ലന്‍ഡില്‍ വിന്‍ഡീസിനെതിരേ ആയിരുന്നു ന്യൂസീലന്‍ഡിന്റെ ആദ്യ സൂപ്പര്‍ ഓവര്‍ തോല്‍വി. 2010-ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഓസീസിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കിയത് മാത്രമാണ് ഇതിനിടയിലെ ഒരേയൊരു വിജയം.

2010-ന് ശേഷം നടന്ന സൂപ്പര്‍ ഓവര്‍ ദുരന്തങ്ങളിലെല്ലാം ന്യൂസീലന്‍ഡിനൊപ്പം ടിം സൗത്തിയും കൂടെയുണ്ടായിരുന്നു. ഏഴു തവണ ടിം സൗത്തി സൂപ്പര്‍ ഓവറില്‍ കിവീസിനായി ബോള്‍ ചെയ്തു. ഇതില്‍ ആറിലും തോല്‍വി ആയിരുന്നു ഫലം. 2010-ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയതാണ് ഏക വിജയം. 2012-ല്‍ ട്വന്റി-20 ലോകകപ്പില്‍ ശ്രീലങ്കയോടും വെസ്റ്റിന്‍ഡീസിനോടും തോറ്റു. 2019-ല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടും തോല്‍വി. അതിനുശേഷം ഓക്ക്‌ലന്‍ഡില്‍ നടന്ന ട്വന്റി-20യില്‍ ഇംഗ്ലണ്ടിനോട് വീണ്ടും തോല്‍വി. ഇപ്പോള്‍ ഇന്ത്യക്കെതിരേ രണ്ടു തോല്‍വികള്‍. 

വെല്ലിങ്ടണിലെ തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ന്യൂസീലന്‍ഡിന്റെ നിര്‍ഭാഗ്യത്തെ കുറിച്ചുള്ള പോസ്റ്റുകളാണ്. ന്യൂസീലന്‍ഡ്, സൂപ്പര്‍ ഓവര്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ല എന്നാണ ആരാധകര്‍ പറയുന്നത്.

Content Highlights: New Zealand Super Overs losses India vs New Zealand fourth T20