
Sanju Samson, Virat Kohli and KL Rahul Photo: Videograb
വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറില്‍ കെ.എല്‍ രാഹുലിനേയും സഞ്ജു വി സാംസണേയുമാണ് ആദ്യം ബാറ്റിങ്ങിന് അയക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പരിചയസമ്പന്നായ താന്‍ ഇറങ്ങിയാല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.
'സഞ്ജുവിനേയും രാഹുലിനേയുമാണ് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനായി ആദ്യം തീരുമാനിച്ചിരുന്നത്. ഇരുവരും നന്നായി പന്ത് സ്ട്രൈക്ക് ചെയ്യും എന്നതിനാലായിരുന്നു ഈ തീരുമാനം. എന്നാല്‍ ക്രീസിലറങ്ങും മുമ്പ് ഞാന്‍ രാഹുലിനോട് സംസാരിച്ചു. സഞ്ജുവിനേക്കാള്‍ കൂടുതല്‍ അനുഭവസമ്പത്ത് എനിക്കാണെന്നും അതുകൊണ്ട് ഞാന്‍ ഇറങ്ങിയാല്‍ മതിയെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ തീരുമാനം മാറ്റുകയായിരുന്നു.'കോലി വ്യക്തമാക്കി.
മത്സരത്തില്‍ നിന്ന് പുറത്തായി നില്ക്കുന്ന സമയം വിട്ടുകൊടുക്കാതെ തിരിച്ചടിച്ച് വിജയത്തിലെത്തുന്നത് ആ ടീമിന്റെ പോരാട്ടവീര്യമാണ് കാണിക്കുന്നത്. ഇന്ത്യന്‍ ടീമിന് ആ വീര്യമുണ്ട്. ഈ മത്സരത്തില്‍ നിന്ന് ഞാന്‍ പുതിയ ഒരു കാര്യവും പഠിച്ചു. ശാന്തമായി നിന്ന്, മത്സരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ച്, അവസരം കിട്ടുമ്പോള്‍ അത് പ്രയോജനപ്പെടുത്തിയാല്‍ മതിയെന്ന പാഠം. സൂപ്പര്‍ ഓവറില്‍ വിജയിച്ച രണ്ടു മത്സരങ്ങളിലും ഇതിലും മികച്ചൊരു ഫിനിഷിങ്ങ് ആരാധകര്‍ പ്രതീക്ഷിച്ചിട്ടില്ല. ഇതിന് മുമ്പ് നമ്മള് സൂപ്പര്‍ ഓവര്‍ കളിച്ചിട്ടില്ല. എന്നിട്ടും തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ ഓവറിലും, അതും മൂന്നു ദിവസത്തിനിടയില്‍ നമ്മള് വിജയിച്ചു. കോലി കൂട്ടിച്ചേര്‍ത്തു.
നാലാം ട്വന്റി-20യില്‍ 14 റണ്‍സ് വിജയലക്ഷ്യവുമായി സൂപ്പര്‍ ഓവര്‍ കളിക്കാനിറങ്ങിയ ഇന്ത്യക്കായി കെ.എല്‍ രാഹുല്‍ ആദ്യ രണ്ടു പന്തില്‍ പത്ത് റണ്‍സ് നേടി. മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായപ്പോള്‍ സഞ്ജു ക്രീസിലെത്തി. നാലാം പന്തില്‍ ഡബിളെടുത്ത വിരാട് കോലി അഞ്ചാം പന്ത് ബൗണ്ടറിയിലെത്തിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
Content Highlights: Virat Kohli on super over India vs New Zealand fourth T20 Sanju Samson KL Rahul
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..