പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടിയ താരങ്ങളുടെ ക്ലബ്ബില്‍ ഇനി ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നേഥന്‍ ലയണും. പാകിസ്താനെതിരായ പരമ്പരയിലെ ആദ്യടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഫാഹീം അഷ്റഫിന്റെ വിക്കറ്റെടുത്താണ് കരിയറിലെ നാഴികക്കല്ല് പിന്നിട്ടത്. 123-ാം ടെസ്റ്റ് മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്സുകളിലുമായി ലയണ്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഓസീസ് താരവും എട്ടാമത്തെ കളിക്കാരനുമാണ്. ഷെയ്ന്‍ വോണ്‍ (708) ഗ്ലെന്‍ മഗ്രാത്ത് (563) എന്നിവരാണ് ഇതിനുമുമ്പ് 500 വിക്കറ്റെടുത്ത ഓസ്ട്രേലിയന്‍ താരങ്ങള്‍.

To advertise here,

800 വിക്കറ്റെടുത്ത ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സന്‍ (690) ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ (619), ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡ് (604), വിന്‍ഡീസ് താരം കോട്നി വാല്‍ഷ് (519) എന്നിവരാണ് 500 വിക്കറ്റ് നേടിയ മറ്റ് താരങ്ങള്‍.

ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികച്ച ബൗളര്‍മാര്‍

800 - മുത്തയ്യ മുരളീധരന്‍

708 - ഷെയ്ന്‍ വോണ്‍

690 - ജെയിംസ് ആന്‍ഡേഴ്‌സണ്‍*

619 - അനില്‍ കുംബ്ലെ

604 - സ്റ്റുവര്‍ട്ട് ബ്രോഡ്

563 - ഗ്ലെന്‍ മഗ്രാത്ത്

519 - കോര്‍ട്ട്‌നി വാല്‍ഷ്

501 - നഥാന്‍ ലിയോണ്‍*

ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

പെര്‍ത്ത്: പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയക്ക് 360 റണ്‍സിന്റെ വമ്പന്‍ജയം. രണ്ടാം ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ പാകിസ്താന്‍ 89 റണ്‍സിന് പുറത്തായി. ഓസീസ് താരം മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം. സ്‌കോര്‍: ഓസ്ട്രേലിയ 487, അഞ്ചിന് 233 ഡിക്ല. പാകിസ്താന്‍ 271, 89.

രണ്ടിന് 84 റണ്‍സെന്നനിലയില്‍ നാലാംദിനം രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സിലെത്തിയപ്പോള്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (90), മിച്ചല്‍ മാര്‍ഷ് (63), സ്റ്റീവന്‍ സ്മിത്ത് (45) എന്നിവര്‍ തിളങ്ങി.450 റണ്‍സ് വിജയലക്ഷ്യവുമായി കളിതുടങ്ങിയ പാകിസ്താന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 30.2 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി.