ലഖ്‌നൗ: കാറപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് മുംബൈയുടെ യുവ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാൻ. സുഖമായിരിക്കുന്നുവെന്നും പ്രാര്‍ഥനകള്‍ക്ക് എല്ലാവരോടും നന്ദി പറയുന്നുതായും മുഷീർ ഖാൻ പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രതികരിച്ചത്. 

To advertise here,

ആദ്യമായി ഈ പുതിയ ജീവിതത്തിന് ദൈവത്തോട് നന്ദി പറയുന്നു. എനിക്ക് സുഖമാണ്. അച്ഛന്‍ കൂടെയുണ്ട്. അച്ഛനും സുഖമാണ്. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് എല്ലാവരോടും നന്ദി പറയുന്നു. - ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ മുഷീര്‍ പറഞ്ഞു. 

ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പോകുന്നതിനിടയിലാണ് വെള്ളിയാഴ്ച മുഷീർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. കാര്‍ അഞ്ചോളം തവണ റോഡില്‍ മലക്കം മറിഞ്ഞതായാണ് റിപ്പോര്‍ട്ട്.  കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുഷീറിനൊപ്പം പിതാവ് നൗഷാദ് ഖാനും കാറിലുണ്ടായിരുന്നു.നിലവില്‍ താരം ലഖ്‌നൗവിലെ ആശുപത്രിയിലാണുള്ളത്. വിദഗ്ധ പരിശോധനകള്‍ക്കായി മുംബൈയിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. 

പരിക്കിന്റെ തീവ്രതയനുസരിച്ച്, മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരും. അതിനാല്‍ ഇറാനി ട്രോഫി, രഞ്ജി ട്രോഫിയുടെ പ്രാരംഭ ഘട്ടം ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ നഷ്ടമായേക്കും. കഴിഞ്ഞ ഒരുവര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ മികവാര്‍ന്ന സെഞ്ചുറികളെക്കൊണ്ടും വെടിക്കെട്ടുകളെക്കൊണ്ടും ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളാണ് മുഷീര്‍. പരിക്ക് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാകും.

അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും ഇന്ത്യ ബി യ്ക്കായി ഈ പത്തൊന്‍പതുകാരന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യ എ യ്‌ക്കെതിരേ 181 റണ്‍സാണ് താരം നേടിയത്. മുഷീറിന്റെ ഇന്നിങ്‌സ് ബലത്തില്‍ ടീം വിജയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ 15 ഇന്നിങ്‌സുകളില്‍നിന്നായി 716 റണ്‍സാണ് മുഷീറിന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.