ദംഗല്‍ സിനിമയിലെ ആമിര്‍ഖാന്റെ കഥാപാത്രമായ മഹാവീര്‍ സിങ്ങിനോട് ചേര്‍ത്തുവെക്കാം നൗഷാദ് അഹമ്മദ് ഖാന്റെ ജീവിതം. ക്രിക്കറ്ററായിരുന്ന നൗഷാദിന് താന്‍ എത്താതിരുന്ന ഉയരങ്ങളിലേക്ക് മക്കളെ എത്തിക്കണമെന്നത് വാശിയായിരുന്നു. അതിനുവേണ്ടി ആ അച്ഛന്‍തന്നെ കോച്ചായിമാറി, കാര്‍ക്കശ്യക്കാരനായ കോച്ച്. അതിന്റെ ഫലത്തെ ഇങ്ങനെ വായിക്കാം: ചേട്ടന്‍ ഖാന്‍ ഇന്ത്യ എ ടീമിനുവേണ്ടി അഹമ്മദാബാദില്‍ സെഞ്ചുറിനേടിയപ്പോള്‍ കടലുകള്‍ക്കപ്പുറം അനിയന്‍ ഖാന്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനുവേണ്ടി രണ്ടു സെഞ്ചുറിനേടി ബാറ്റുയര്‍ത്തിനിന്നു. ചേട്ടന്‍ സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള ആദ്യ വിളിയെത്തിയതിനുപിന്നാലെയാണ് അനിയന്‍ മുഷീര്‍ ഖാന്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ചുറിനേടിയത്. ചേട്ടന്‍ കളിക്കുന്ന മുംബൈ രഞ്ജി ടീമില്‍ ഡിസംബറില്‍ പതിനെട്ടുകാരന്‍ മുഷീറും ഇടംപിടിച്ചിരുന്നു. അച്ഛനും കോച്ചുമായ നൗഷാദിന് സന്തോഷിക്കാന്‍ ഇതിലേറെ എന്തുവേണം.

To advertise here,

ഖാന്‍ സഹോദരന്മാര്‍ക്കായി അവരുടെ അബ്ബു (പിതാവ്) ഓരോ ആഴ്ചയിലെയും പരിശീലനപദ്ധതികള്‍ ഒരുക്കിയിട്ടുണ്ടാകും. അതിനനുസരിച്ചാണ് ചേട്ടന്റെയും അനിയന്റെയും ക്രിക്കറ്റ് ജീവിതം. നെറ്റ് ബൗളര്‍മാരോടും ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളോടും (സൈഡ് ആം ത്രോവര്‍ ഉപയോഗിച്ച് പന്ത് അതിവേഗത്തില്‍ എറിയുന്ന പരിശീലകര്‍) ബാറ്റിങ്ങില്‍ മക്കള്‍ക്ക് എവിടെയാണോ പിഴവുള്ളത് ആ ഷോട്ട് ശരിയാക്കിയെടുക്കാനായി പന്തെറിയാനാണ് നൗഷാദ് ആവശ്യപ്പെടുക. ഒരുദിവസം ചുരുങ്ങിയത് മുന്നൂറു പന്തുകള്‍ കളിക്കണം. മഴയാണെങ്കില്‍ ഇന്‍ഡോറില്‍ പരിശീലനം നിര്‍ബന്ധം. കോവിഡ് ലോക്ഡൗണില്‍ മുംബൈയില്‍നിന്ന് നൗഷാദിന്റെ സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ അസംഗഢിലേക്കുള്ള യാത്രതീര്‍ത്തത് 12 ദിവസമെടുത്താണ്. നെറ്റ് സൗകര്യമുള്ള ഇടങ്ങള്‍ കണ്ടെത്തി രാവിലെയും വൈകീട്ടും പരിശീലനം നടത്തിയായിരുന്നു യാത്ര.

സര്‍ഫറാസ് ഖാന്‍ 2016 അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടിയ താരമായിരുന്നു. ആ വഴിയിലാണ് ഇപ്പോള്‍ അനിയന്‍ മുഷീറും. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരേ സെഞ്ചുറി (118), യു.എസ്.എ.യ്‌ക്കെതിരേ അര്‍ധസെഞ്ചുറി (73), ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരേയും സെഞ്ചുറി (131). അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി ഒന്നിലേറെ സെഞ്ചുറിനേടിയ ആദ്യതാരം മൂന്നു സെഞ്ചുറിനേടിയ ശിഖര്‍ധവാനാണ്. 2004-ലാണ് ധവാന്റെ പ്രകടനം. ആ നിരയിലെ രണ്ടാമനായിമാറി മുഷീര്‍. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 632 റണ്‍സും 32 വിക്കറ്റുകളും നേടിയതോടെയാണ് മുഷീര്‍ മുംബൈ രഞ്ജിട്രോഫി ടീമിലേക്കെത്തിയത്. മൂത്തമകന്‍ സര്‍ഫറാസ് മികച്ച ബാറ്ററായിട്ടും ഇന്ത്യന്‍ ടീമിലെത്താന്‍ പാടുപെടുന്നതുകണ്ട നൗഷാദ് മുഷീറിനെ മികച്ച ബാറ്റര്‍ എന്നതിനൊപ്പം നല്ലൊരു സ്പിന്നറായിമാറ്റുകയായിരുന്നു. ഇരുവര്‍ക്കും മറ്റൊരു സഹോദരന്‍കൂടിയുണ്ട്. ക്രിക്കറ്റ് ട്രെയിനറായ മോയിന്‍ഖാന്‍.

ഇന്ത്യക്കുവേണ്ടി കളിച്ച സഹോദരങ്ങളായ മൊഹീന്ദര്‍ അമര്‍നാഥ്-സുരീന്ദര്‍ അമര്‍നാഥ്, ഇര്‍ഫാന്‍ പഠാന്‍-യൂസഫ് പഠാന്‍, ഹാര്‍ദിക് പാണ്ഡ്യ-ക്രുണാല്‍ പാണ്ഡ്യ... ആ നിരയില്‍ ഇടംപിടിക്കാനാണ് ഖാന്‍ സഹോദരന്മാരുടെയും ശ്രമം.