
റാഞ്ചി: ചുവന്ന പെയിന്റടിച്ച ഭീമാകാരൻ ഇരുമ്പുകവാടം സദാ അടഞ്ഞുകിടക്കുന്നു. കവാടത്തിനു താഴെ അൽപ്പം വിടവുണ്ടെന്നതൊഴിച്ചാൽ അകത്തേക്ക് കാഴ്ചകിട്ടുന്ന ഒരു വിടവുപോലുമില്ല. കവാടത്തിനോടു ചേർന്ന് നാലാൾ പൊക്കത്തിൽ ഉയർന്നുനിൽക്കുന്ന മതിൽ. ഇത് ടൈലുകൾ പതിച്ച് മനോഹരമാക്കിയിരിക്കുന്നു. കവാടത്തിനു മുന്നിൽ മതിലിനും ഏറെ ഉയരത്തിലായി പൂക്കൾ നിറഞ്ഞുനിൽക്കുന്ന മൂന്ന് വാകമരങ്ങൾ. സമീപത്ത് പൂത്തുനിൽക്കുന്ന കടലാസ് ചെടികൾ. താഴെ ഭംഗിയായി ഒരുക്കിനിർത്തിയിരിക്കുന്ന ചെറു പൂന്തോട്ടം. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ റിങ്റോഡിനു വശത്തെ സർവീസ് പാതയോരത്ത് ഏവരുടെയും ശ്രദ്ധയാകർഷിച്ച് തലയുയർത്തിനിൽക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിങ് ധോനിയുടെ വീട്.
കാഴ്ചക്കാരായി ആരാധകക്കൂട്ടം
പകലിലെ കൊടുംചൂടിലും ആരാധകർ കവാടത്തിനു മുന്നിൽ കൂട്ടംകൂടി നിൽക്കുന്നു. കുട്ടികൾ ഉൾപ്പെടെ പലരും കവാടത്തിനു മുന്നിൽനിന്ന് ഒറ്റയ്ക്കും കൂട്ടമായും ഫോട്ടോയെടുക്കുന്നു. മേയ് 21-ന് ചെന്നൈയുടെ അവസാന മത്സരത്തിനു മുൻപ് ധോനി റാഞ്ചിയിലെത്തിയതായി വാർത്തകളുണ്ടായിരുന്നു. ചെന്നൈ ടീം പ്ലേ ഓഫിലെത്താതെ മടങ്ങിയ സ്ഥിതിക്ക് ധോനി ഈ ഫാം ഹൗസിൽ തുടരുന്നുണ്ടോ എന്നാണ് ഏവരും അന്വേഷിക്കുന്നത്.
ഇടയ്ക്ക്, അലക്കിയ തുണിയോ മറ്റോ നൽകാൻ ബൈക്കിൽ ഒരാൾ വന്നു. വാതിലിൽ തട്ടി. വാതിൽ ചെറുതായി തുറന്ന് ഖൂർഖയെന്നു തോന്നിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പതിയെ വാതിൽ തുറന്നു. ഉള്ളിൽ പൂന്തോട്ടം അതിരുകൾ തീർക്കുന്ന നീണ്ട വഴിയുടെ ഒരു ഭാഗം മാത്രം കാഴ്ചയിൽ തെളിഞ്ഞു. അപ്പോഴേക്കും വാതിൽ അടഞ്ഞു.
ഏഴേക്കറിലെ ആഡംബര വസതി
ആറുവരിപ്പാതയായ റാഞ്ചി റിങ് റോഡിനു സമീപത്താണ് ധോനിയുടെ ഏഴേക്കർ ഫാംഹൗസ്. റാഞ്ചിയുടെ നഗരത്തിരക്കുകളിൽനിന്നൊഴിഞ്ഞ് സ്വസ്ഥജീവിതം നയിക്കാനുള്ള സ്ഥലമായി 2017-ലാണ് ധോനി ഇവിടെ വീട് പണികഴിപ്പിച്ചത്. 'കൈലാഷ്പതി' എന്നാണ് വീടിന് നാമകരണം ചെയ്തിരിക്കുന്നത്. പുറത്തുള്ളവരെ നിരീക്ഷിക്കാൻ രണ്ടു സി.സി.ടി.വി. കാമറകൾ മതിലിനു മുകളിലായി സ്ഥാപിച്ചിരിക്കുന്നു. തൊട്ടടുത്ത സ്ഥലം കാടുകയറി തുറസ്സായി കിടക്കുകയാണ്. ഇതിലൂടെ അകലെയുള്ള ധോനിയുടെ ഫാം ഹൗസിന്റെ ദൂരക്കാഴ്ച കാണാം. 'വാര സിമലിയ' എന്നൊരു ബോർഡ് കവാടത്തിനു മുന്നിലുള്ള ചെറു പൂന്തോട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ആറുകോടി രൂപ മതിപ്പുള്ള ഈ ഫാംഹൗസിൽ സ്വന്തം ആഗ്രഹത്തിനനുസരിച്ചുള്ള സൗകര്യങ്ങളെല്ലാം ധോനി ഒരുക്കിയിട്ടുണ്ട്. ജിം, നീന്തൽക്കുളം, പൂന്തോട്ടം, ഇൻഡോർ സ്റ്റേഡിയം, നെറ്റ് പ്രാക്ടീസിനുള്ള ഇടം, ഇഷ്ടവാഹനങ്ങൾ നിർത്താനുള്ള വിശാലമായ പാർക്കിങ് ഏരിയ, കുതിര ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ പാർപ്പിക്കാനുള്ള ഇടങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ഡുകാട്ടിയും കവാസാക്കി നിൻജയും ഉൾപ്പെടെ എഴുപതോളം ബൈക്കുകൾ ധോനിയുടെ ശേഖരത്തിലുണ്ട്. റോൾസ് റോയ്സും ഹമ്മറും ഫെറാരിയും ജീപ്പ് ഗ്രാൻഡ് ചെറോക്കിയും ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങളും.
നേരത്തേ റാഞ്ചിയിലെ ഹർമുവിൽ സർക്കാർ ധോനിക്കു സമ്മാനിച്ച വീടുനിൽക്കുന്ന സ്ഥലം ആശുപത്രി നടത്താനായി ധോനി വിട്ടുനൽകിയിരുന്നു. ഇവിടെ 2025-ൽ ആരംഭിച്ച ഡയഗ്നോസ്റ്റിക് സെന്റർ ധോനി തന്നെയാണ് ഉദ്ഘാടനം ചെയ്തത്. തന്റെ വാഹനത്തിൽ ഇടയ്ക്ക് നഗരത്തിലൊന്നു കറങ്ങാൻ ധോനി റിങ്റോഡിലേക്കിറങ്ങാറുണ്ട്. അതുപോലെ പുറത്തിറങ്ങുന്ന സമയത്ത് ധാരാളം ആരാധകർ വീടിനു മുന്നിൽ കൂടുന്നത് ഇവിടെ പതിവുകാഴ്ചയാണ്.
Content Highlights: MS Dhoni's 7-acre luxury farmhouse named 'Kailashpati' in Ranchi., Features include an indoor stadium, swimming pool, gym, and expansive garden.,
Published: 25 May 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented