ഹാമിൽട്ടൺ: ന്യൂസീലൻഡിനെതിരായ അഞ്ചാം ടി 20 മത്സരത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യയ്ക്കായി ടി 20-യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് ഇഷാൻ സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ റെക്കോഡാണ് താരം മറികടന്നത്. മത്സരത്തിന് മുമ്പ് സൂര്യകുമാറിന്റെ റെക്കോഡ് മറികടക്കാൻ ഇഷാന് ആറു റൺസ് മാത്രമായിരുന്നു ആവശ്യമായിരുന്നത്. നേരിട്ട നാലാം പന്തിൽ സിക്‌സർ നേടിക്കൊണ്ടാണ് ഇഷാൻ ഈ ചരിത്ര നേട്ടത്തിലെത്തിയത്.

To advertise here,

2026-ൽ ഇതുവരെ കളിച്ച 37 ടി 20 മത്സരങ്ങളിൽ നിന്നായി ഇഷാൻ 1220 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 2022-ൽ 1,164 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്. സൂര്യകുമാർ 2022-ൽ രണ്ട് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും നേടിയിരുന്നു.

എന്നാൽ ഇഷാന് തൊട്ടുപിന്നാലെ അഭിഷേക് ശർമയുണ്ട്. 2026-ൽ 39 മത്സരങ്ങളിൽ നിന്ന് അഭിഷേക് ഇതുവരെ 1,153 റൺസ് നേടിയിട്ടുണ്ട്. സഞ്ജു സാംസൺ 2026-ൽ ഇതുവരെ 30 മത്സരങ്ങളിൽ നിന്ന് 810 റൺസ് നേടിയിട്ടുണ്ട്.

ഒരു കലണ്ടർ വർഷത്തിൽ ടി 20-യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അന്താരാഷ്ട്ര താരമെന്ന ലോക റെക്കോഡ് ഓസ്ട്രിയയുടെ കരൺബീർ സിങ്ങിന്റെ പേരിലാണ്. 2025-ൽ 32 മത്സരങ്ങളിൽ നിന്ന് 1,488 റൺസാണ് താരം സ്വന്തമാക്കിയിരുന്നത്. 2021-ൽ 29 മത്സരങ്ങളിൽ നിന്ന് 1,326 റൺസ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.