ഓക്ലൻഡ്: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മുമ്പായി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നെറ്റ്‌സിൽ ഇരുവരും കഠിന പരിശ്രമത്തിലാണ്. ഏകദിന പരമ്പരയ്ക്കു മുമ്പായി നടന്ന നെറ്റ്‌സ് പരിശീലനത്തിൽ, മുതിർന്ന താരങ്ങളായ കോലിയും രോഹിത്തും ഇന്ത്യയുടെ യുവ പേസർമാർക്ക് മുന്നിൽ കടുത്ത പരീക്ഷണം നേരിട്ടതായാണ് റിപ്പോർട്ട്.

To advertise here,

പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ യുവ പേസർ ആഖിബ് നബിയാണ് നെറ്റ്‌സിൽ കോലിയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത്. റെവ് സ്പോർട്‌സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രണ്ട് വശങ്ങളിലേക്കും പന്ത് മൂവ് ചെയ്യിച്ച ആഖിബ് കോലിയെയും രോഹിത്തിനെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.

ഇൻ-ഡിപ്പറുകളിലൂടെ കോലിയുടെ പാഡിലും തൈ പാഡിലും പന്തു തട്ടിക്കാൻ താരത്തിനായി. മാത്രമല്ല പലപ്പോഴും ആഖിബിന്റെ പന്തുകൾ കോലി എഡ്ജ് ചെയ്യുകയും ചെയ്തു. തുടർച്ചയായി ബീറ്റണായതോടെ കോലി അൽപം അസ്വസ്ഥനാകുന്ന സാഹചര്യവുമുണ്ടായി. എങ്കിലും പിന്നീട് തകർപ്പൻ ഷോട്ടുകളിലൂടെ തിരിച്ചുവന്ന അദ്ദേഹം, സെഷനുശേഷം രോഹിത് ശർമയോടൊപ്പം തമാശകൾ പങ്കുവെക്കുന്നതും കാണാമായിരുന്നു.

ഇന്ത്യ എ ടീമിനായി ലിങ്കണിൽ നടന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ആഖിബ് നബി ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരിശീലനത്തിൽ ആഖിബിനെ കൂടാതെ ഗുർനൂർ ബ്രാർ, അൻഷുൽ കംബോജ് എന്നീ യുവ പേസർമാരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഗുർനൂർ ബ്രാർ തന്റെ ഉയരം ഉപയോഗിച്ച് പിച്ചിന് നല്ല ബൗൺസ് കണ്ടെത്തിയപ്പോൾ, കംബോജ് അച്ചടക്കമുള്ള ലൈനിൽ പന്തെറിഞ്ഞു.