
ലണ്ടൻ: ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ നൂറ്റാണ്ടിന്റെ പന്തിനേക്കാൾ മനോഹരമായിരുന്നു സച്ചിൻ തെണ്ടുൽക്കറെ പുറത്താക്കിയ തന്റെ ഡെലിവെറിയെന്ന് ഇംഗ്ലണ്ടിന്റെ മുൻ സ്പിന്നർ മോണ്ടി പനേസർ. 2012-13ൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലായിരുന്നു പനേസർ സച്ചിന്റെ വിക്കറ്റ് നേടിയത്. 1993 ആഷസിൽ ഷെയ്ൻ വോണ് മൈക്ക് ഗാറ്റിങ്ങിനെതിരേ എറിഞ്ഞ നൂറ്റാണ്ടിന്റെ പന്തിനേക്കാൾ മനോഹരമാണ് സച്ചിന്റെ വിക്കറ്റെടുത്ത ഈ പന്തെന്നാണ് പനേസറുടെ അവകാശവാദം
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ പനേസർ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. അതിൽ ഒന്ന് സച്ചിന്റെ വിക്കറ്റായിരുന്നു. പനേസറുടെ പന്തിൽ സച്ചിൻ ബൗൾഡാകുകയായിരുന്നു. 'നിങ്ങൾ ആ പന്തൊന്ന് പരിശോധിക്കൂ. സച്ചിന്റെ ബാലൻസ് കൃത്യമായിരുന്നു. എന്നാൽ അദ്ദേഹത്തിന് പന്തിന്റെ ഗതിയെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. അദ്ദേഹം കരുതിയത് സാധാരണ പന്തുപോലെ ഈ പന്തും കുത്തിത്തിരിഞ്ഞ് ലെഗ് സ്റ്റമ്പിലേക്ക് വരുമെന്നാണ്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. അവിടെയാണ് ആ പന്ത് മഹത്തരമാകുന്നത്. വോൺ ഗാറ്റിങ്ങിനെതിരേ എറിഞ്ഞ പന്തിനേക്കാൾ മനോഹരമായിരുന്നു അത്. കൃത്യമായ പരിശീലനം നടത്തിയാണ് സച്ചിനെതിരേ ആ പന്ത് ഞാൻ എറിഞ്ഞത്. ആ ടെസ്റ്റിൽ ഞാൻ അത്രത്തോളം ആത്മവിശ്വാസത്തിലായിരുന്നു.' പനേസർ വ്യക്തമാക്കുന്നു.
മുപ്പത്തിയെട്ടുകാരനായ പനേസർ ഇംഗ്ലണ്ടിനായി 50 ടെസ്റ്റും 26 ഏകദിനവും ഒരു ട്വന്റി-20യും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 167 വിക്കറ്റും ഏകദിനത്തിൽ 24 വിക്കറ്റും ട്വന്റി-20യിൽ രണ്ടു വിക്കറ്റും വീഴ്ത്തി.
Content Highlights: Monty Panesar feels his delivery to Sachin was better than Warnes ball of the century
Published: 08 Aug 2020, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented