ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് വിവാദപുരുഷനാണ് പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വി. ഏഷ്യാകപ്പ് ഫൈനലിലെ നാടകീയ സംഭവങ്ങൾ ക്രിക്കറ്റ് ആരാധകർ മറന്നിട്ടുണ്ടാകില്ല. നഖ്‌വിയിൽ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിന് പിന്നാലെ കപ്പുമായി കടന്നുകളഞ്ഞ പിസിബി ചെയർമാൻ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതുവരെ കപ്പ് ഇന്ത്യക്ക് കൈമാറാത്ത നഖ്‌വി ഇപ്പോഴിതാ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിനും തുടക്കമിട്ടിരിക്കുന്നു. ടി20 ലോകകപ്പിൽ ബഹിഷ്കരണ ഭീഷണി മുഴക്കിയിരിക്കുകയാണ് നഖ്‌വി. ‌‌

To advertise here,

ലോകകപ്പിൽ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് ടീം ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നഖ്‌വി ഐസിസിയോട് ഭീഷണി മുഴക്കിയത്. ടൂർണമെന്റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ പാകിസ്താൻ സർക്കാരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം. ബംഗ്ലാദേശിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഐസിസി സ്വീകരിക്കുന്ന നിലപാടുകളെ നഖ്‌വി ശക്തമായി വിമർശിക്കുകയും ചെയ്തു. ഐസിസി കാണിച്ചത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തിന്റെ താത്പര്യങ്ങൾ പരിഗണിച്ചായിരിക്കും മുന്നോട്ട് പോവുകയെന്നും വ്യക്തമാക്കി. സർക്കാരിന്റെ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ലോകകപ്പിൽ കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഐസിസിയെ മാത്രമല്ല, മറിച്ച് ഇന്ത്യയെ കൂടി ലക്ഷ്യം വെച്ചാണ് നഖ്‌വിയുടെ നീക്കമെന്നത് ഉറപ്പാണ്. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് ബോർഡിനെ കൂടുതൽ സമ്മർദത്തിലാക്കാനാണ് പിസിബി ചെയർമാൻ അവസാനനിമിഷം ഇത്തരം നിലപാടുമായി രംഗത്തെത്തിയതെന്നാണ് വിലയിരുത്തലുകൾ. ഐസിസി ചെയർമാൻ മുൻ ബിസിസിഐ പ്രസിഡന്റ് ജയ് ഷായാണ്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി രാജ്യത്തെ ക്രിക്കറ്റ് നടത്തിപ്പിനെയും ലോകകപ്പിനെ തന്നെയും പ്രതിരോധത്തിലാക്കാമെന്ന ഉദ്ദേശവും പിന്നിലുണ്ടായേക്കാം. ബംഗ്ലാദേശിന് പിന്നാലെ പാകിസ്താനും ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ അത് കാര്യങ്ങൾ കൂടുതൽ ഗൗരവമായി മാറും. ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്കും വഴിവെച്ചേക്കും. അതേസമയം നഖ്‌വിയുടെ പരാമർശം ഐസിസിയെ ചൊടിപ്പിച്ചിട്ടുമുണ്ട്.

ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ പാകിസ്താനെ ക്രിക്കറ്റിൽ നിന്ന് പൂർണമായും ഒറ്റപ്പെടുത്തുന്ന തരത്തിലേക്കുള്ള ഉപരോധങ്ങൾ ഐസിസി ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് അംഗ രാജ്യങ്ങളുമായുള്ള പരമ്പരകൾക്ക് അനുമതി നൽകാതിരിക്കുക, അംഗ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർക്ക് പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനുള്ള എൻഒസി നൽകാതിരിക്കുക, ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ നിന്നുള്ള വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ഉപരോധങ്ങൾ നടപ്പിൽ വന്നാൽ അത് പിസിബിയുടെ വരുമാനത്തെ സാരമായി ബാധിക്കും. മാത്രമല്ല പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിന്റെ വാണിജ്യ മൂല്യം ഇല്ലാതാകും. പാക് ടീമിന് ഇതോടെ പ്രധാന ഐസിസി ഇവന്റുകൾക്ക് പുറത്ത് അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഇല്ലാതെയാക്കും. അതിനാൽ ടൂർണമെന്റ് പാകിസ്താൻ ബഹിഷ്കരിക്കാനുള്ള സാധ്യത വിരളമാണ്.

കുറെക്കാലമായി ഇന്ത്യ പാകിസ്താനിലോ പാകിസ്താൻ ഇന്ത്യയിലോ ക്രിക്കറ്റ് കളിക്കാറില്ല. ടൂർണമെന്റുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം നിഷ്പക്ഷ വേദിയിലായിരിക്കും. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊളംബോയിലാണ്. ഈ രീതിയിൽ തങ്ങളുടെ മത്സരങ്ങളും ക്രമീകരിക്കണമെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം ഐസിസി തള്ളുകയും പിന്നാലെ ചർച്ചകൾ നടത്തിയെങ്കിലും ബിസിബി അത് അംഗീകരിച്ചില്ല. അതോടെ പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാൻ ഐസിസി തീരുമാനിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.

കപ്പുമായി സ്റ്റേഡിയം വിട്ട നഖ്‌വി

ഫൈനലിൽ പാകിസ്താനെ വ്യക്തമായ മാർജിനിൽ പരാജയപ്പെടുത്തിയതിന് ശേഷമാണ് ഏഷ്യാകപ്പിലെ വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ട്രോഫി കൈമാറണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യൻ ടീം തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം പോഡിയത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ഗ്രൗണ്ടിൽനിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്‌വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.

നിലവിൽ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഹെഡ്ക്വാർട്ടേഴ്സിലാണ് കിരീടമുള്ളത്. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കർശനനിർദേശം മൊഹ്സിൻ നഖ്‌വി നൽകിയതായാണ് വിവരം. ഇതുവരെ ഇന്ത്യൻ ടീമിന് കിരീടം ലഭിച്ചിട്ടില്ല.