ന്യൂഡൽഹി: ഡ്രസ്സിങ് റൂമിലെ തന്റെ ആദ്യദിവസത്തെ അനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ടീമിലെ പ്രമുഖ താരങ്ങളെ നേരിട്ട് കണ്ടപ്പോൾ താൻ ഏറെ പരിഭ്രമിച്ചുപോയെന്നും യുവ്‌രാജ് സിങ് അന്ന് കസേരയിൽ കയറി നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നും ഷമി വെളിപ്പെടുത്തി. 2013 ൽ പാകിസ്താനെതിരേയാണ് ഇന്ത്യൻ പേസർ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം നവംബറിൽ ടെസ്റ്റിലും അരങ്ങേറി. പിന്നീടങ്ങോട്ട് ഇന്ത്യൻ ടീമിലെ പ്രധാന പേസ് ബൗളർമാരിൽ ഒരാളായി ഷമി മാറുകയായിരുന്നു.
‘ഞാൻ ആദ്യമായി ഇന്ത്യൻ ടീമിൽ ചേർന്ന സമയത്ത് അവിടെയുള്ള കാര്യങ്ങൾ എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. മത്സരത്തിന്റെ തലേദിവസം ഒരു ടീം മീറ്റിങ് ഉണ്ടായിരുന്നു. മീറ്റിങ്ങിനായി ഞാൻ വാതിലിലൂടെ അകത്തേക്ക് കയറുകയും അവിടെ നിശബ്ദനായി ഇരിക്കുകയും ചെയ്തു. എന്നാൽ യുവ്‌രാജ് സിങ് എന്നോട് കസേരയിൽ കയറി നിൽക്കാൻ പറഞ്ഞു. അദ്ദേഹത്തോട് ഞാനെന്താണ് തിരിച്ച് പറയുക? ഞാൻ അതനുസരിച്ചു. പിന്നാലെ സംസാരിക്കാൻ ആവശ്യപ്പെട്ടു. അതോടെ ഞാൻ എല്ലാം മറന്ന അവസ്ഥയിലായി. ഞാൻ എന്റെ പേരും എവിടെ നിന്ന് വരുന്നു എന്നും പറഞ്ഞു. കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.’ - ഷമി പറഞ്ഞു.
അതേസമയം ഡ്രസ്സിങ് റൂമിലെ ഏറ്റവും വലിയ തമാശക്കാരൻ ധവാനാണെന്നും ഷമി പറഞ്ഞു. ചിലപ്പോൾ ടീം തോൽക്കുന്ന ഘട്ടങ്ങളിൽ വരെ അദ്ദേഹം ഉറക്കെ ചിരിക്കുമെന്നും ടീമിന്റെ മൂഡ് ഒന്നാകെ മാറ്റുമെന്നും ഷമി പ്രതികരിച്ചു. ‘ധവാൻ വളരെ തമാശക്കാരനാണ്. അദ്ദേഹം അത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. ഞങ്ങൾ ഒരു കളി തോറ്റു എന്ന് കരുതുക, എല്ലാവരും ഡ്രസ്സിംഗ് റൂമിൽ ഇരിക്കും. ആ സമയം ധവാൻ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യും. അദ്ദേഹം വളരെ ഉച്ചത്തിൽ ചിരിക്കും. എന്തുകൊണ്ടാണ് ചിരിക്കുന്നതെന്ന് ചോദിച്ചാൽ, തോറ്റതുകൊണ്ടാണെന്ന് മറുപടി പറയും.’
‘ചിലപ്പോൾ അദ്ദേഹം മേശപ്പുറത്ത് കയറി നിന്ന് പഞ്ചാബി സംഗീതത്തിന് അനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങും. ഞങ്ങളും ഇത് ആസ്വദിക്കാറുണ്ട്. കാരണം കളിയിൽ ജയിക്കുകയും തോൽക്കുകയും ചെയ്യും. ധവാൻ അങ്ങനെ ചെയ്യുമ്പോൾ ഡ്രസ്സിങ് റൂമിലെ മൂഡ് മാറുന്നുവെന്നും’ ഷമി പറഞ്ഞു.
നിലവിൽ ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരിഗണിക്കാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരേയാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഏകദിന ക്രിക്കറ്റിൽ 108 മത്സരങ്ങളിൽ നിന്ന് 206 വിക്കറ്റുകളുണ്ട്. ടെസ്റ്റിലാകട്ടെ 64 മത്സരങ്ങളിൽ നിന്ന് 229 വിക്കറ്റുകളും നേടി.
Content Highlights: Mohammed Shami shared his nervous experience during his first day in the Indian dressing room., Yuvraj Singh made Shami stand on a chair and speak during a team meeting
Published: 10 Aug 2026, 02:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented