കീഴടക്കാൻ പ്രയാസമേറിയതാണ് ഹിമാലയൻ മലനിരകൾ. വ്യാഴാഴ്ച സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് മുന്നിലുണ്ടായിരുന്നത് ഹിമാലയത്തിന്റെ നാട്ടുകാർ ഹിമാചൽ പ്രദേശ്. ടൂർണമെന്റിൽ മിന്നുന്ന ഫോമിൽ കളിച്ച ടീം. ഹിമാചൽ കീഴടക്കിയാൽ മാത്രമായിരുന്നു കേരളത്തിന് സൂപ്പർലീഗ് പ്രവേശനം. അതിന് കേരളത്തിന് മുന്നിൽനിന്ന് വഴിതെളിയിക്കാൻ ഒരു പോരാളിയെ വേണമായിരുന്നു. ആ ദൗത്യമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന ഓപ്പണർ ഏറ്റെടുത്തത്. 57 പന്തിൽ 101 റൺസ്. എട്ട് ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടി.

To advertise here,

സെഞ്ചുറിയടിച്ചതിന് പിന്നാലെ അസ്ഹറുദ്ദീന്റെ ആഘോഷവും ശ്രദ്ധിക്കപ്പെട്ടു. അഭിവാദ്യം ചെയ്യാൻ ഉയർത്തി കാണിച്ച ബാറ്റിൽ കേരള ക്യാപ്റ്റൻ സഞ്ജു സാംസണിലെ ' സാംസൺ' എന്ന് കൂടെ കാണാമായിരുന്നു. ഈ പേരിലേക്ക് വിരൽച്ചൂണ്ടി അസ്ഹറുദ്ദീൻ ക്യാമറയിലേക്ക് കാണിക്കുകയും ചെയ്തു. സഞ്ജുവിനോടുള്ള നന്ദി സൂചകമായിട്ടാണ് കേരള ഓപ്പണർ ബാറ്റിൽ സാംസൺ എന്ന് എഴുതിയിട്ടുള്ളത്.

കഴിഞ്ഞ കുറേകാലമായി സഞ്ജു നൽകുന്ന ബാറ്റാണ് അസ്ഹറുദ്ദീൻ ഉപയോഗിക്കുന്നത്. മാത്രമല്ല, ഈ ടൂർണമെന്റിൽ ഓപ്പണിങ് പൊസിഷൻ സഞ്ജു അസ്ഹറുദ്ദീനായി മാറിനൽകുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ നന്ദിയാണ് കേരള ഓപ്പണർ മൈതാനത്ത് പ്രകടിപ്പിച്ചത്.

അസ്ഹറുദ്ദീന്റെ കരിയറിലുടനീളം സഞ്ജുവിന്റെ സ്വാധീനമുണ്ടായിട്ടുണ്ട്. അണ്ടർ-14 മുതൽ കേരളാ ടീമിൽ ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. 'എന്റെ ആദ്യത്തെ ക്യാപ്റ്റനാണ് സഞ്ജു, കഴിഞ്ഞ കുറേകാലമായി അദ്ദേഹം എന്നെ പലതരത്തിൽ സഹായിക്കുന്നുണ്ട്.'- അസ്ഹറുദ്ദീൻ മാതൃഭൂമി ഓൺലൈനിനോട് പറഞ്ഞു.

സയ്യിദ് മുഷ്താഖലി ടൂർണമെന്റിൽ മിന്നുന്ന ഫോമിലാണ് അസ്ഹറുദ്ദീൻ. അഞ്ച് മത്സരങ്ങളിൽ 180.25 സ്ട്രൈക്ക് റേറ്റിൽ 283 റൺസ് നേടി. രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഇതിൽ ഉൾപ്പെടും.

ഓസ്ട്രേലിയൻ മുൻ വിക്കറ്റ്കീപ്പർ ആദം ഗിൽക്രിസ്റ്റാണ് അസ്ഹറുദ്ദീന്റെ ഇഷ്ടതാരം. കരിയറിൽ ഗിൽക്രിസ്റ്റിന്റെ അതേശൈലി തന്നെയാണ് ഈ വിക്കറ്റ് കീപ്പർ ബാറ്ററും പിന്തുടരുന്നത്. നേരിടുന്ന ആദ്യ പന്ത് തന്നെ അതിർത്തി കടത്താനാണ് ശ്രമിക്കാറ്. ക്രീസിലെ മികച്ച സ്റ്റാൻഡും പന്തിനെ ബാറ്റിന്റെ ഏറ്റവും മികച്ച ഭാഗം (പോയന്റ് ഓഫ് കോൺടാക്ട്) കൊണ്ടും മികച്ച സ്വിങ്ങോടെയും അടിക്കാൻ കഴിയുന്നതുമാണ് അസ്ഹറുദ്ദീന്റെ മികവ്. എളുപ്പത്തിൽ ബൗണ്ടറി കണ്ടെത്താൻ ഈ മികവ് സഹായിക്കുന്നു. ഇത്തവണ 21 ഫോറും 19 സിക്സുമടിച്ചു. ആന്ധ്രയ്ക്കെതിരേയും ത്രിപുരയ്ക്കെതിരേയും 32-കാരൻ കളിച്ചതുമില്ല. അല്ലെങ്കിൽ ഒരുപക്ഷേ, ഈ ടൂർണമെന്റിലെ ടോപ്സ്‌കോററുടെ റോളിൽ താരത്തെ കാണാനാകുമായിരുന്നു. ദേശീയതലത്തിൽ ട്വന്റി-20യിൽ അസ്ഹറുദ്ദീൻ നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. 2021-ൽ മുംബൈയ്ക്കെതിരേ നേടിയ സെഞ്ചുറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് 54 പന്തിൽ 137 റൺസെടുത്തു. അന്നത്തെ ആ പ്രകടനം ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്കുള്ള വഴിതുറന്നിരുന്നു. അടുത്ത മാസം നടക്കുന്ന ഐ.പി.എൽ. താരലേലത്തിൽ ഏതെങ്കിലുമൊരു ടീമിലേക്ക് ഈ സെഞ്ചുറി വഴിതുറക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

കാസർകോട് തളങ്കര സ്വദേശിയായ അസ്ഹറുദ്ദീൻ, ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും എട്ട് മക്കളിൽ ഇളയവനാണ്. ചെറുപ്പത്തിൽ അജ്മൽ എന്നായിരുന്നു അസ്ഹറുദ്ദീന്റെ പേര്. ഇന്ത്യയുടെ മുൻക്യാപ്റ്റൻ അസ്ഹറുദ്ദീനോടുള്ള ഇഷ്ടകാരണം മൂത്തസഹോദരൻ കമറുദ്ദീനാണ് പേര് മാറ്റിയത്. സഞ്ജു അടക്കമുള്ള അടുത്ത സുഹൃത്തുക്കൾ ഇപ്പോഴും 'അജു' എന്നാണ് അസ്ഹറുദ്ദീനെ വിളിക്കുക.