ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരേ 269 റൺസ് വിജയലക്ഷ്യമുയർത്തി കേരളം. നിശ്ചിത 20 ഓവറിൽ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. മുഹമ്മദ് അസറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയും സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്‌സുകളുമാണ് കേരളത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്. അസറുദ്ദീൻ 57 പന്തിൽ നിന്ന് 101 റൺസെടുത്തു. ഹിമാചലിനെ കീഴടക്കിയാൽ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

To advertise here,

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. പവർപ്ലേയിൽ ഇരുവരും വെടിക്കെട്ട് നടത്തി. മൂന്നാം ഓവറിൽ 19 റൺസും അഞ്ചാം ഓവറിൽ 29 റൺസും പിറന്നതോടെ കേരളം മികച്ച നിലയിലെത്തി. അഞ്ചോവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസെന്ന നിലയിലായിരുന്നു കേരളം. ആ ഘട്ടത്തിൽ രോഹൻ കുന്നുമ്മൽ 13 പന്തിൽ നിന്ന് 30 റൺസും അസറുദ്ദീൻ 20 പന്തിൽ നിന്ന് 42 റൺസുമെടുത്തു.

എന്നാൽ ആറാം ഓവറിൽ രോഹൻ കുന്നുമ്മൽ പുറത്തായി. 16 പന്തിൽ 35 റൺസാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ അസറുദ്ദീനും സഞ്ജു സാംസണുമാണ് കേരളത്തെ മുന്നോട്ടുനയിച്ചത്. മൂന്നാമനായി ഇറങ്ങിയ സഞ്ജുവിന്റെ വെടിക്കെട്ടിനാണ് പിന്നീട് സ്റ്റേഡിയം സാക്ഷിയാവുന്നത്. ഹിമാചൽ ബൗളർമാരെ തലങ്ങും വിലങ്ങും സഞ്ജു പ്രഹരിച്ചു. അസറുദ്ദീൻ ഫിഫ്റ്റിയും തികച്ചതോടെ രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പിറന്നു. ഒൻപതോവറിൽ കേരളം 120 റൺസിലെത്തി. പത്താം ഓവറിലും സഞ്ജു അടിച്ചുതകർത്തു. ഒരു സിക്‌സറും രണ്ട് ഫോറുമടിച്ചു.

അസറുദ്ദീനും സ്‌കോറിങ് വേഗത്തിലാക്കിയതോടെ കേരളം 12 ഓവറിൽ 158-ലെത്തി. പിന്നാലെ സഞ്ജു സാംസൺ പുറത്തായി. 21 പന്തിൽ നിന്ന് 44 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. പിന്നീടിറങ്ങിയ വിഷ്ണു വിനോദ് 11 പന്തിൽ നിന്ന് 22 റൺസെടുത്ത് പുറത്തായി. 15 ഓവറിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 190-ലെത്തി. അസറുദ്ദീൻ അടിച്ചുകളിച്ചതോടെ ടീം 200 കടന്നു. പിന്നാലെ താരത്തിന്റെ സെഞ്ചുറിയുമെത്തി. 56 പന്തിലാണ് അസറുദ്ദീൻ മൂന്നക്കം തൊട്ടത്. 101 റൺസെടുത്ത് അസറുദ്ദീൻ പുറത്തായി. സൽമാൻ നിസാർ 15 പന്തിൽ നിന്ന് 26 റൺസെടുത്തപ്പോൾ അബ്ദുൾ ബാസിത്ത് അഞ്ച് പന്തിൽ നിന്ന് 24 റൺസെടുത്തു.

കേരളത്തെ സംബന്ധിച്ച് നിർണായകമാണ് മത്സരം. ഹിമാചൽ പ്രദേശിനെ കീഴടക്കിയാൽ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ഒരു ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ ലീഗ് ഘട്ടത്തിലേക്ക് മുന്നേറുക. നിലവിൽ രണ്ടാമതുള്ള ഹിമാചൽ പ്രദേശിന് 20 പോയന്റും മൂന്നാമതുള്ള കേരളത്തിന് 16 പോയന്റുമാണുള്ളത്. ഹിമാചലിനെ കീഴടക്കിയാൽ 20 പോയന്റും മികച്ച റൺറേറ്റുമായി ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലെത്താം.