ദോഹ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയുടെ റെക്കോഡ് ഇന്ത്യയുടെ വൈഭവ് സൂര്യവംശി തകർത്തേക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോർ (400*) എന്ന റെക്കോഡ് ലാറയുടെ പേരിലാണ്. 22 വർഷത്തിലേറെ പഴക്കമുള്ള ഈ റെക്കോഡ് വൈഭവ് മറികടന്നേക്കുമെന്നാണ് പീറ്റേഴ്സൺ പറയുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ടെസ്റ്റ് മത്സരത്തിൽ വൈഭവ് 500 റൺസ് നേടുമെന്നാണ് പീറ്റേഴ്സൺ പ്രവചിച്ചിരിക്കുന്നത്.

To advertise here,

റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ യുഎഇക്കെതിരേ വൈഭവ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ സെമി ഫൈനലിന് മുന്നോടിയായി എക്‌സിലാണ് പീറ്റേഴ്‌സൺ ഈ പ്രവചനം നടത്തിയത്.

റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ യുഎഇക്കെതിരേ വെറും 53 പന്തുകളിൽ നിന്ന് 204 റൺസടിച്ച വൈഭവ് നിരവധി റെക്കോഡുകളാണ് തകർത്തത്. വെറും 28 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച താരം, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന ഓസ്‌ട്രേലിയയുടെ ജാക്ക് ഫ്രേസർ മക്ഗുർഗിന്റെ (29 പന്ത്) റെക്കോഡ് മറികടന്നു.

തുടർന്ന് 52 പന്തുകളിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയും ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡും കൂടി സ്വന്തമാക്കി.