രൂപ്‌നഗർ (പഞ്ചാബ്): ഡൽഹി അണ്ടർ-19 ടീമിനായി കൂച്ച് ബെഹാർ ട്രോഫിയിൽ തിളങ്ങി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മക്കളായ അര്യവീർ സെവാഗും വേദാന്ത് സെവാഗും. പഞ്ചാബിനെതിരായ മത്സരത്തിൽ സെവാഗിന്റെ ഇളയമനായ വേദാന്ത് ഏഴു വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ഡൽഹി ടീമിനെ നയിച്ചത് മൂത്തമകൻ ആര്യവീറായിരുന്നു.
റോപ്പറിലെ ഗവൺമെന്റ് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് മത്സരത്തിന്റെ ആദ്യ ദിനത്തിലാണ് 16-കാരനായ വേദാന്തിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനം. ഡൽഹിക്കായി പന്തെറിഞ്ഞ വേദാന്ത് പഞ്ചാബ് ബാറ്റിങ് നിരയെ തകർത്തെറിയുകയായിരുന്നു. വലങ്കയ്യൻ ഓഫ് സ്പിന്നറായ വേദാന്ത് സെവാഗ് 22.3 ഓവറിൽ അഞ്ച് മെയ്ഡൻ ഉൾപ്പെടെ 88 റൺസ് വഴങ്ങിയാണ് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയത്. പന്തുകൊണ്ട് വേദാന്ത് തിളങ്ങിയപ്പോൾ പഞ്ചാബ് 65.3 ഓവറിൽ 238 റൺസിന് ഓൾഔട്ടായി.
പഞ്ചാബിന്റെ മുൻനിര ബാറ്റർമാരിൽ മൂന്നുപേരെ പുറത്താക്കിയ വേദാന്ത് അവരെ തുടക്കത്തിലേ സമ്മർദത്തിലാക്കി. ഇന്ത്യയുടെ അണ്ടർ-19 ഏഷ്യാ കപ്പ് വിജയത്തിൽ പങ്കാളിയായ പഞ്ചാബ് ക്യാപ്റ്റൻ അർജുൻ രാജ്പുതിന്റെ വിക്കറ്റും ഇതിൽ ഉൾപ്പെടുന്നു.
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ ആര്യവീർ സെവാഗ് സമചിത്തതയോടെയുള്ള ബാറ്റിങ് കാഴ്ചവെച്ചു. 94 പന്തുകളിൽ നിന്ന് 31 റൺസാണ് ആര്യവീർ നേടിയത്. പുതിയ പന്തിനെ ചെറുത്തുനിന്ന് ക്രീസിൽ മികച്ച സമയം ചെലവഴിക്കാൻ ആര്യവീറിനായി. അർണവ് ബുഗ്ഗയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ആര്യവീർ, രണ്ടാം വിക്കറ്റിൽ ദ്വീപ് ഗൽഹോത്രയ്‌ക്കൊപ്പം 66 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പഞ്ചാബ് ഫാസ്റ്റ് ബൗളർ ലക്ഷയ് കൻസാലിന്റെ പന്തിൽ ബൗൾഡായാണ് ആര്യവീർ പുറത്തായത്.
2010 മേയ് നാലിന് ജനിച്ച വേദാന്ത് സെവാഗ് വലങ്കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമാണ്. 2024 ഡിസംബറിൽ നടന്ന വിജയ് മർച്ചന്റ് ട്രോഫി അണ്ടർ-16 മത്സരത്തിലും പഞ്ചാബിനെതിരേ വേദാന്ത് ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. അന്ന് പഞ്ചാബ് 469 റൺസ് അടിച്ചുകൂട്ടിയ ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ വേദാന്ത് നേടിയിരുന്നു.
അടുത്തിടെ സമാപിച്ച അണ്ടർ-19 ഏഷ്യ കപ്പിൽ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായിരുന്നു ആര്യവീർ. അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 90.25 ശരാശരിയിൽ 361 റൺസാണ് ആര്യവീർ അടിച്ചുകൂട്ടിയത്. യുഎഇക്കെതിരേ നേടിയ 160 റൺസ് ഉൾപ്പെടെ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറികളും നേടിയ ആര്യവീർ ടൂർണമെന്റിലെ മികച്ച താരമായും (പ്ലെയർ ഓഫ് ദി ടൂർണമെന്റ്) തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Vedant Sehwag took 7 wickets for Delhi against Punjab in the Cooch Behar Trophy., Aryavir Sehwag captained the Delhi U-19 team and scored 31 runs as an opening batsman., Vedant finished with figures of 7/88 in 22.3 overs as an off-spinner., Aryavir was the highest run-scorer in the recently concluded Under-19 Asia Cup.
Published: 26 Nov 2026, 09:23 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented