ന്യൂ ചണ്ഡീഗഡ്: നിർണായക മത്സരത്തിൽ ഹിമാചൽ പ്രദേശിനെ തോൽപ്പിച്ച് കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പർ ലീഗ് റൗണ്ടിലേക്ക് മുന്നേറിയിരുന്നു. കേരളത്തിന്റെ 67 റൺസ് വിജയത്തിൽ നിർണായകമായത് മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയായിരുന്നു. 56 പന്തിൽ നിന്ന് എട്ട് ഫോറും ആറ് സിക്‌സറും സഹിതം പുറത്താകാതെ 101 റൺസാണ് അസ്ഹറുദ്ദീൻ അടിച്ചെടുത്തത്. അർപിത ഗുലേറിയയെ സിക്‌സറിലേക്ക് പറത്തിയാണ് താരം മൂന്നക്കം തൊട്ടത്.

To advertise here,

ഇതിന് പിന്നാലെ അസ്ഹറുദ്ദീന്റെ സെഞ്ചുറി ആഘോഷവും സോഷ്യൽ മീഡിയയിൽ ചർച്ചയായി. തന്റെ ബാറ്റുയർത്തി ക്യാമറയ്ക്ക് നേരെ കാണിച്ചായിരുന്നു അസ്ഹറുദ്ദീന്റെ ആഘോഷം. ബാറ്റിലേക്ക് ചൂണ്ടി അതിൽ 'സാംസൺ' എന്നെഴുതിയിരിക്കുന്നതും അസ്ഹറുദ്ദീൻ ആരാധകരെ കാണിച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനമാണ് അസ്ഹറുദ്ദീൻ പുറത്തെടുത്തത്. പുതുച്ചേരിക്കെതിരായ മത്സരത്തിൽ 48 പന്തിൽ 78 റൺസ് അടിച്ചു. അസമിനെതിരെ 37 പന്തിൽ 93 റൺസുമായി പുറത്താകാതെ നിന്നു.