ലാഹോർ: ഔട്ടായതിന് പിന്നാലെ പരസ്പരം ഏറ്റുമുട്ടാനൊരുങ്ങി പാക് താരങ്ങൾ. പാകിസ്താൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡും റാവൽപിണ്ടിയും തമ്മിലുള്ള മത്സരത്തിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. പാക് താരങ്ങളായ മുഹമ്മദ് ആമിറും ഫഹീം അഷ്‌റഫുമാണ് കൊമ്പുകോർത്തത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

ഇസ്ലാമാബാദ് ഇന്നിങ്‌സിന്റെ 17-ാം ഓവറിലാണ് സംഭവം. മുഹമ്മദ് ആമിറിന്റെ പന്തിൽ ഷോട്ടിന് ശ്രമിച്ച ഫഹീം അഷ്‌റഫിന് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പർ കൈപ്പലാക്കി. ഉടനെ തന്നെ അമ്പയർ ഔട്ട് നൽകുകയും ചെയ്തു. എന്നാൽ ഫഹീം അഷ്‌റഫ് അതൃപ്തി പ്രകടിപ്പിച്ചു. ക്രീസ് വിടാൻ മടിച്ചതോടെ, ആമിർ പുറത്തേക്ക് പോകൂ എന്ന് ആംഗ്യം കാണിച്ചു. ഇത് സാഹചര്യം വഷളാക്കി. പിന്നാലെ രണ്ട് താരങ്ങളും രൂക്ഷമായ വാഗ്വാദത്തിലേർപ്പെട്ടു.

ഫഹീം അഷ്‌റഫ് ബാറ്റ് ചൂണ്ടി ആമിറിന് നേരെ അടുത്തെങ്കിലും സഹതാരങ്ങൾ പിടിച്ചുമാറ്റിയതോടെ കൂടുതൽ പ്രശ്‌നങ്ങളുണ്ടായില്ല. കടുത്ത അതൃപ്തിയിലായിരുന്ന ബാറ്റർ കുറച്ചുസമയത്തിന് ശേഷമാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. ഇസ്ലാമാബാദ് 137 റൺസിന് ഓൾഔട്ടായി.