ഡാർവിൻ: ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ വാഗ്വാദത്തിൽ ഏർപ്പെട്ട് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കും ബംഗ്ലാദേശ് ബാറ്റർ മെഹിദി ഹസനും. ബംഗ്ലാദേശ് ബാറ്റർ സിംഗിളിനായി ഓടിയത് സ്റ്റാർക്കിന് നേരെയായിരുന്നു. അതാണ് ഓസീസ് പേസറെ ചൊടിപ്പിച്ചത്. വിഷയത്തിൽ അമ്പയറും ഇടപെട്ടു. ഓസ്‌ട്രേലിയയെ 198 റൺസിന് എറിഞ്ഞിട്ട് ആദ്യ ഇന്നിങ്‌സിൽ ലീഡെടുത്ത് ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം.

To advertise here,

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 103-ാം ഓവറിലാണ് സംഭവം. സ്റ്റാർക്ക് എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ പോയന്റിലേക്ക് ഷോട്ടടിച്ച് സിംഗിളെടുക്കുകയായിരുന്നു മെഹിദി. ഫീൽഡറെ നോക്കി കൊണ്ട് ബംഗ്ലാദേശ് ബാറ്റർ പെട്ടെന്ന് തന്നെ ഓടി. എന്നാൽ താരം ഓടിയതാകട്ടെ സ്റ്റാർക്ക് നിൽക്കുന്ന അതേ ഭാഗത്തുകൂടെയായിരുന്നു. സ്റ്റാർക്കുകമായി കൂട്ടിയടിക്കുന്നത് ഒഴിവാക്കാൻ പെട്ടെന്ന് മാറി ഓടുകയും ചെയ്തു.

അതോടെ സ്റ്റാർക്ക് ദേഷ്യപ്പെട്ടു. കൈചൂണ്ടി കൊണ്ടാണ് പേസർ പ്രതികരിച്ചത്. മാറി ഓടൂവെന്നും ഇത് നിങ്ങൾ ഓടണ്ട പാതയല്ലെന്നും സ്റ്റാർക്ക് പറഞ്ഞു. അമ്പയർ കുമാർ ധർമസേന ബംഗ്ലാദേശ് ബാറ്റർക്ക് മുന്നറിയിപ്പും നൽകി. അതേസമയം താൻ ഓടുന്ന വഴിയിൽ സ്റ്റാർക്കുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് മെഹിദി ന്യായീകരിച്ചത്. സംഭവത്തിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.

ഓസ്‌ട്രേലിയക്കെതിരേ ബംഗ്ലാദേശ് ശക്തമായ നിലയിലാണ്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. സെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസനും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ നജ്മുൾ ഹൊസെയ്‌നുമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. നിലവിൽ ടീമിന് 153 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ 198 റൺസിന് ബംഗ്ലാദേശ് എറിഞ്ഞിട്ടിരുന്നു.