മെല്‍ബണ്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിനു പിന്നാലെ ട്രോഫിയില്‍ കാല്‍കയറ്റിവെച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷ്.

To advertise here,

ലോകകപ്പ് വിജയത്തിനു ശേഷം 12-ാം ദിവസമാണ് വിവാദത്തോട് മാര്‍ഷ് പ്രതികരിച്ചിരിക്കുന്നത്. വൈറലായ തന്റെ ആഘോഷം അനാദരവല്ലെന്ന് താരം പറഞ്ഞു. ''ആ ഫോട്ടോയില്‍ യാതൊരു അനാദരവും ഉണ്ടായിരുന്നില്ല. ഞാന്‍ അത് അധികം ചിന്തിച്ചിട്ടുപോലുമില്ല. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച പ്രതികരണങ്ങളില്‍ പലതും ഞാന്‍ കണ്ടിട്ടില്ല.'' - ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് മാര്‍ഷ് പ്രതികരിച്ചു.

വിജയത്തിനു പിന്നാലെ ഡ്രസ്സിങ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരുകാലുകളും കയറ്റിവെച്ച് വിശ്രമിക്കുന്ന മാര്‍ഷിന്റെ ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ചിത്രം ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പിന്നീട് ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക പേജിലുള്‍പ്പെടെ പ്രത്യക്ഷപ്പെട്ട ചിത്രത്തിനു താഴെ വിമര്‍ശനവുമായി നിരവധിപ്പേരെത്തി. മാര്‍ഷിന്റെ പ്രവൃത്തി അനാദരവാണെന്നും ആറു തവണ കിരീടം നേടിയ ഓസീസിന്റെ ധിക്കാരമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നുമായിരുന്നു പലരുടെയും പ്രതികരണം.