ഹരാരെ: ഇന്ത്യൻ പേസ് ബൗളർ മായങ്ക് യാദവിന്റെ തിരിച്ചുവരവിന്റെ മത്സരം കൂടിയായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20. രണ്ട് വർഷത്തെ പരിക്കിനുശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ യുവതാരം രണ്ട് വിക്കറ്റുമായി പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നിർണായകമായ രണ്ട് വിക്കറ്റുകളാണ് 24-കാരൻ വീഴ്ത്തിയത്. 

To advertise here,

ഇന്ത്യയുടെ ബൗളിങ് ഓപ്പൺ ചെയ്ത മായങ്ക് ആദ്യ പന്തിൽതന്നെ സിംബാബ്‌വെ ഓപ്പണർ ബ്രയാൻ ബെന്നറ്റിനെ തിരിച്ചയച്ചു

22 വയസ് മുതൽ പരിക്ക് അലട്ടിയപ്പോൾ അത് തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്ന് മായങ്ക് പറയുന്നു. ഇത്ര ചെറുപ്പത്തിൽ ഇത്രയധികം കാര്യങ്ങൾ സഹിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് തന്നെ വല്ലാതെ ബാധിച്ചു. രണ്ട് വർഷത്തെ ഇടവേള വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'രാജ്യത്തിനായി കളിക്കുക എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു. അത് തന്നെയാണ് എന്നെ മുന്നോട്ടുനയിച്ചതും. ഹരാരെയിലെ സാഹചര്യങ്ങൾ എന്റെ ബൗളിങ് ശൈലിക്ക് അനുയോജ്യമായിരുന്നു. അതാണ് മികച്ച പ്രകടനം നടത്താൻ സഹായിച്ചത്. ശ്രേയസിന്റെ ക്യാപ്റ്റൻസിയിൽ ഞാൻ ആദ്യമായാണ് കളിക്കുന്നത്. അദ്ദേഹം ബൗളർമാർക്ക് പൂർണ സ്വാതന്ത്ര്യവും നൽകി. ഞാൻ എന്താണ് ബൗൾ ചെയ്യാൻ ആഗ്രഹിച്ചത് അതിനെ അദ്ദേഹം പിന്തുണച്ചു.'-മത്സരശേഷം വാർത്താസമ്മേളനത്തിൽ മായങ്ക് വ്യക്തമാക്കി.

മത്സരത്തിനിടെ സഹ പേസ് ബൗളർമാരായ അശോക് ശർമ, പ്രിൻസ് യാദവ് എന്നിവരുമായി ആശയങ്ങൾ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ വേഗതയെക്കുറിച്ച് അധികം സംസാരിക്കാറില്ല. എന്റെ ആദ്യ ഓവറിലെ അനുഭവം ഞാൻ അശോകുമായും പ്രിൻസുമായും പങ്കുവെച്ചു. എന്താണ് മികച്ച ഓപ്ഷൻ, എങ്ങനെ ആക്രമിക്കാം എന്നെല്ലാം സംസാരിച്ചു. ആ ആശയവിനിമയവും മത്സരഫലത്തെ സ്വാധീന്ച്ചു.'-മായങ്ക് കൂട്ടിച്ചേർത്തു.