
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങളായിരുന്ന മിതാലി രാജിനും മംമ്ത മേബനുമൊപ്പം മന്ദിര ബേദി | Photo: PTI
മുംബൈ: ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്ന തിരക്കിലാണ് എല്ലാവരും. വിജയികള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയായ 39 കോടി കൂടാതെ ബിസിസിഐ 51 കോടി സമ്മാനത്തുകയാണ് ടീമിനായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ കോടിക്കിലുക്കത്തിനിടയിലും ടൂര്‍ണമെന്റുകള്‍ക്കായി ട്രെയിനില്‍ സഞ്ചരിച്ചിരുന്ന ഒരു കാലം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനുണ്ടായിരുന്നു എന്ന് അറിയണം. വിദേശത്ത് നടക്കുന്ന പരമ്പരകള്‍ക്ക് പോകാന്‍ വിമാന ടിക്കറ്റിനു പോലും കാശില്ലാതിരുന്ന കാലവും ടീമിനുണ്ടായിരുന്നു. അങ്ങനെയൊരു കാലത്ത് വനിതാ ടീമിന് സഹായവുമായി എത്തിയത് ബോളിവുഡ് താരവും ക്രിക്കറ്റ് അവതാരകയുമായ മന്ദിരാ ബേദിയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌ക്കറിന്റെ ഇളയ സഹോദരിയും വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുസിഎഐ) ദീര്‍ഘകാല സെക്രട്ടറിയുമായിരുന്ന നൂതന്‍ ഗാവസ്‌ക്കറാണ് പിടിഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 1973-ലാണ് ഡബ്ല്യുസിഎഐ രൂപീകരിക്കപ്പെടുന്നത്. 2006-ല്‍ ബിസിസിഐ ടീമിനെ ഏറ്റെടുക്കുന്നതുവരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്തിരുന്നത് ഡബ്ല്യുസിഎഐ ആയിരുന്നു.
കടുത്ത സാമ്പത്തിക പരിമിതികളിലായിരുന്നു ഡബ്ല്യുസിഎഐ പ്രവര്‍ത്തിച്ചിരുന്നത്. അന്താരാഷ്ട്ര പരമ്പകള്‍ക്ക് ടീമിനെ കൊണ്ടുപോകാനുള്ള പണം കണ്ടെത്തുക എന്നത് അവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് അന്ന് സ്‌പോണ്‍സര്‍മാരില്ലായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കളിക്കാര്‍ പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്ത് നല്‍കുക വരെ ചെയ്തിരുന്നു.
അത്തരമൊരു അവസരത്തിലാണ് 2003-ല്‍ ടീമിനെ സഹായിക്കാന്‍ മന്ദിര ബേദി രംഗത്തെത്തുന്നത്. പ്രമുഖ മുഖമായിരുന്ന മന്ദിര അന്നത്തെ തന്റെ സ്വാധീനം ഉപയോഗിച്ച് ടീമിന് സ്‌പോണ്‍സര്‍മാരെ സംഘടിപ്പിച്ചു കൊടുത്തിരുന്നു. ഒരിക്കല്‍ ഒരു പ്രശസ്ത ഡയമണ്ട് ബ്രാന്‍ഡിനായി പരസ്യത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം മുഴുവന്‍ മന്ദിര ബേദി ഡബ്ല്യുസിഎഐക്ക് സംഭാവന ചെയ്‌തെന്നും നൂതന്‍ ഗാവസ്‌ക്കര്‍ വെളിപ്പെടുത്തി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായി താരങ്ങള്‍ക്ക് ടിക്കറ്റെടുത്തത് ആ പണം ഉപയോഗിച്ചായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Discover how Mandira Bedi stepped in to support the Indian Women`s Cricket Team during tough financial times, aiding their international tours. Learn about the team`s past struggles and Bedi`s significant contribution.
Published: 04 Nov 2025, 01:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented