ക്രിക്കറ്റ് ലോകത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്പിൻ ബൗളിങ്ങിലെ ‘ഫ്‌ളൈറ്റ്’. അതായത് പന്ത് ബൗളറുടെ കൈയിൽ നിന്ന് പുറപ്പെട്ട് ബാറ്റർക്കുമുന്നിൽ കുത്തുമ്പോൾ അന്തരീക്ഷത്തിൽ ഒരു ‘റ’ വരച്ചിട്ടുണ്ടാകും. അല്പമൊന്നു പിഴച്ചാൽ ബാറ്റർമാർ അടിച്ച് പറത്തിവിടും. ഒന്നോ രണ്ടോ കളിമതി. കരിയർതന്നെ ഇല്ലാതാകും. പന്തിൽ ഫ്‌ളൈറ്റ് കൊണ്ടുവരണമെങ്കിൽ മനക്കരുത്തും ആത്മവിശ്വാസവും അത്രത്തോളം വേണം. ട്വന്റി-20 കാലത്തെ സ്പിന്നർമാരെല്ലാം വേഗത്തിൽ പന്തെറിയാൻ താത്പര്യപ്പെടുന്നവരാണ്. ‘അടി’ കിട്ടുന്നത് കുറയുമെന്നതുതന്നെ കാരണം. അതിൽനിന്ന് വ്യത്യസ്തമായി സ്പിൻ ബൗളിങ്ങിന്റെ ‘ക്ലാസിക്’ മനോഹാരിതയായ ഫ്‌ളൈറ്റഡ് പന്തുകളാണ് മാനവ് സുതർ എന്ന ഇന്ത്യൻ ഇടംകൈയൻ സ്പിന്നറുടെ ആവനാഴിയിലെ പ്രധാനസൂത്രം.

To advertise here,

കേവലം രണ്ടു ടെസ്റ്റുകൾ മാത്രം കഴിഞ്ഞപ്പോൾ മാനവിന്റെ അക്കൗണ്ടിൽ 17 വിക്കറ്റുകൾ വന്നുകഴിഞ്ഞു. ലോകക്രിക്കറ്റിലെ പല ഇതിഹാസ സ്പിന്നർമാരും ഒരുപാട് ടെസ്റ്റുകൾ കഴിഞ്ഞശേഷമാണ് ഒരു മത്സരത്തിൽ 10 വിക്കറ്റ് നേട്ടത്തിലെത്തുക. മാനവ് തന്റെ രണ്ടാം ടെസ്റ്റിൽത്തന്നെ അത് സാധ്യമാക്കിയിരിക്കുന്നു. ഏറെക്കാലത്തിനുശേഷമാണ് ഇന്ത്യൻ ടീമിൽ ഒരു ക്ലാസിക് സ്പിന്നർ അവതരിക്കുന്നത്.

പന്ത് വെറുതേ ഫ്‌ളൈറ്റ് ചെയ്ത് വിടുകയല്ല മാനവ് ചെയ്യുന്നത്. അത് ബാറ്ററുടെ മനസ്സിൽ ആശയക്കുഴപ്പത്തിന്റെ ഒരായിരം കണക്കുകൂട്ടലുകൾകൂടി തീർക്കുന്നു. വിക്കറ്റിനോട് പരമാവധി ചേർന്നാണ് മാനവിന്റെ ബൗളിങ്. അതുകൊണ്ടുതന്നെ വലംകൈയൻ ബാറ്റർ നോക്കുമ്പോൾ പന്ത് ലെഗ് സ്റ്റംപ് ലൈനിലായിരിക്കും വരുന്നത് എന്നാണ് കരുതുക. പക്ഷേ, മാനവിന്റെ പന്തുകൾക്ക് വായുവിൽ ത്തന്നെ തിരിയുന്ന ‘ഡ്രിഫ്റ്റ്’ ഉണ്ട്. ഓഫ് സ്റ്റംപ് ലൈനിലാകും പന്ത് കുത്തുക എന്ന് കണക്കുകൂട്ടുമ്പോൾ അത് മിഡിൽ സ്റ്റംപ് ലൈനിലായിരിക്കും വരുക.

ട്വന്റി-20യിലേക്ക് വലിച്ചിഴയ്ക്കാതെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആയി മാനവിനെ മാറ്റിയെടുത്താൽ ടീം ഇന്ത്യയുടെ ഭാവിയിലെ സ്പിൻ വജ്രായുധമായിമാറും.