തിരുവനന്തപുരം: കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിനം) ടീമിലേക്കാണ് വിളിവന്നത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് മാനവ്. ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിങ്ങും വിക്കറ്റിനു പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജേഴ്സിയിലെത്തിച്ചത്.

To advertise here,

കഴിഞ്ഞ അണ്ടർ-19 സീസണിൽമാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരേ 189 റൺസും ഹൈദരാബാദിനെതിരേ 144 റൺസുമാണ് മാനവ് നേടിയത്. ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലെത്തുന്നത്. തുടർന്ന് മികച്ച കായികക്ഷമതയും നേതൃപാടവവും തെളിയിച്ച താരം കേരളത്തിന്റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.

2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരിൽ ഒരാളായ മാനവ്, 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ സന്ദർശിച്ച കേരള ടീമിലും മാനവ് ഇടംപിടിച്ചിരുന്നു. എൻ.എസ്‌.കെ. ട്രോഫിയിലെ ‘പ്രോമിസിങ് യങ്സ്റ്റർ’ പുരസ്കാര ജേതാവായ മാനവ്, ബി.സി.സി.ഐ.യുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ 19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണനാണ് പിതാവ്. മാതാവ് അനിത. തിരുവനന്തപുരത്തെ എസ്.എസ്. ഷൈൻ ആണ് മാനവിന്റെ പരിശീലകൻ.