മുംബൈ: അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മുൻതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് ഇന്നിങ്‌സിൽ നിന്ന് ഒരു സെഞ്ചുറി ഉൾപ്പെടെ 361 റൺസ് നേടിയ ആര്യവീർ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോഴിതാ മത്സരശേഷം ആര്യവീറുമായുള്ള വീഡിയോ കോളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സെവാഗ്.

To advertise here,

പാകിസ്താൻ ബൗളർമാർക്കെതിരെ ബൗണ്ടറി നേടുമ്പോൾ ഗാലറിയിലുണ്ടായിരുന്ന പാക് ആരാധകർ പോലും തന്നെ പിന്തുണച്ചുവെന്ന് വീഡിയോകോളിൽ ആര്യവീർ പറയുന്നു.

'പന്തുകൊണ്ട് കൈമുട്ടിന് പരിക്കേറ്റപ്പോൾ ഫിസിയോ രണ്ട് മൂന്ന് തവണ ഗ്രൗണ്ടിലെത്തിയിരുന്നു. അപ്പോഴെല്ലാം ഗാലറിയിലുണ്ടായിരുന്ന പാകിസ്താൻ ആരാധകർ സെവാഗ്, സെവാഗ് എന്ന് ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ഞാൻ ബാറ്റിങ് തുടരണമെന്നായിരുന്നു അവരുടെ ആഗ്രഹം. അത് രസകരമായൊരു അനുഭവമായിരുന്നു.'-ആര്യവീർ പറയുന്നു.

നല്ല ടെൻഷനിലാണ് കളിച്ചതെന്നും സീതാ റാം എന്ന് പ്രാർഥിച്ചുകൊണ്ടിരുന്നുവെന്നും ആര്യവീർ വ്യക്തമാക്കി. ചില നിമിഷങ്ങൾ അവാർഡുകളേക്കാളും വലുതാണെന്നും ഒരു അച്ഛൻ എന്നെന്നും ഓർത്തുവെയ്ക്കുന്ന നിമിഷങ്ങളാണിതെന്നും വീഡിയോ പങ്കുവെച്ച് സെവാഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.